അങ്കമാലിയില്‍ രണ്ടു റോഡുകള്‍ കൂടി ബിഎംബിസി നിലവാരത്തിലേക്ക്
1460226
Thursday, October 10, 2024 7:24 AM IST
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ രണ്ടു പ്രധാന റോഡുകള്‍ കൂടി ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റോജി എം.ജോണ്‍ എംഎല്‍എ അറിയിച്ചു.
വേങ്ങൂര്‍-നായത്തോട് റോഡും, വേങ്ങൂര്‍-കിടങ്ങൂര്‍ റോഡുമാണ് ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നത്. 6.5 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. അങ്കമാലി ടൗണില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡാണ് വേങ്ങൂര്‍-നായത്തോട് റോഡ്.
ഈ റോഡിന്റെ ആരംഭ ഭാഗം ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചിരുന്നു. ബാക്കി ഭൂമി ഏറ്റെടുത്തിട്ടുള്ള ഭാഗം വീതികൂട്ടി ടാര്‍ ചെയ്യുന്നതിനും ബാക്കിയുള്ള ഭാഗം 5.5 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന്റെയും പ്രവര്‍ത്തി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കും.
ഇതോടൊപ്പം എംസി റോഡിനേയും അങ്കമാലി-മഞ്ഞപ്ര റോഡിനേയും ബന്ധിപ്പിക്കുന്ന വേങ്ങൂര്‍-കിടങ്ങൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ നാലു മീറ്റര്‍ വീതിയില്‍ സാധാരണ ടാറിംഗ് നടത്തിയിരിക്കുന്ന ഈ റോഡും 5.5 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കും.
എംഎല്‍എ മുന്‍കൈയെടുത്ത് അങ്കമാലി നിയോജകണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ രണ്ടു റോഡുകളും നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.