ജല അഥോറിറ്റി ഓഫീസിന് മുന്നിൽ കുടവുമായി പ്രതിഷേധം
1460219
Thursday, October 10, 2024 7:24 AM IST
മൂവാറ്റുപുഴ: പ്രദേശത്ത് ദിവസങ്ങളായി കുടിവെള്ള വിതരണം തടസപ്പെട്ടതോടെ നഗരസഭാംഗങ്ങളുടെ നേതൃത്വത്തിൽ ജല അഥോറിറ്റി ഓഫീസിന് മുന്നിൽ കുടവുമായെത്തി പ്രതിഷേധിച്ചു. നഗരസഭയിലെ ഉയർന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടൻപാറ, ആശ്രമം ടോപ്പ് എന്നീ പ്രദേശങ്ങളിൽ 12 ദിവസമായി കുടിവെള്ളം മുടങ്ങിയതോടെയാണ് നഗരസഭാംഗങ്ങളായ ജോയ്സ് മേരി ആന്റണി, ലൈല ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ജല അഥോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നഗരസഭാംഗങ്ങൾ മുദ്രാവാക്യങ്ങളുമായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുകയും തണ്ണിമത്തനും കുടിവെള്ളവും നൽകി പ്രതിഷേധിക്കുകയും ചെയ്തു.
വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് കുടിവെള്ള വിതരണം തടസപ്പെട്ടതെന്ന് ജല അഥോറിറ്റി അധികൃതർ നഗരസഭാംഗങ്ങളെ അറിയിച്ചു. എന്നാൽ കുടിവെള്ള വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച നഗരസഭാംഗങ്ങളും ജല അഥോറിറ്റി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
ഇതിനിടെ നഗരസഭാംഗം ജോയ്സ് മേരി ആന്റണി മന്ത്രി റോഷി അഗസ്റ്റിനുമായി ഫോണിൽ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചു. ഇതോടെ കുടിവെള്ള വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് മുന്പ് ജല വിതരണം പുനരാരംഭിക്കാമെന്ന് ജല അഥോറിറ്റി അധികൃതർ ഉറപ്പ് നൽകിയതോടെയാണ് നഗരസഭാംഗങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചത്.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നഗരസഭാംഗങ്ങളായ ജിനു ആന്റണി, അമൽ ബാബു, കെ.കെ. സുബൈർ, ജോളി മണ്ണൂർ, അസം ബീഗം, പി.വി. രാധാകൃഷ്ണൻ പ്രദേശവാസികൾ എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി. കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിച്ചില്ലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്ന് നഗരസഭാംഗങ്ങൾ മുന്നറിയിപ്പ് നൽകി.