ദേശീയ വന്യജീവി ബോർഡിന്റെ പരിഗണനയ്ക്കെത്തിയില്ലെന്ന്
1460214
Thursday, October 10, 2024 7:24 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണയം ദേശീയ വന്യജീവി ബോർഡിന്റെ പരിഗണനയ്ക്കെത്തിയില്ല. സർക്കാരിന്റെ വീഴ്ചയെന്ന് കിഫ ജില്ലാ കമ്മിറ്റി ആരോപിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുണർനിർണയം സംബന്ധിച്ച് 2023 ജനുവരി 19ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നന്പർ 7.1 ആയി സങ്കേതത്തിന്റെ ഉള്ളിൽപ്പെട്ട് പോയിട്ടുള്ള ഒന്പത് ചതുരശ്ര കിലോമീറ്റർ ജനവാസ മേഖല പൂർണമായി ഒഴിവാക്കി 10.1694 ചതുരശ്ര കിലോമീറ്റർ വനപ്രദേശം മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റേഞ്ചിൽ നിന്നും തട്ടേക്കാട് പക്ഷിസങ്കേതത്തോട് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചിരുന്നു.
തുടർ നടപടികൾക്കായി കഴിഞ്ഞ ജനുവരി 25ന് സർക്കാർ കത്ത് പ്രകാരം കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് നൽകിയിരുന്നു. അതിൽ ദേശീയ വന്യജീവി ബോർഡ് തീരുമാനമെടുക്കണമെങ്കിൽ അതിർത്തി പുനർനിർണയിക്കാൻ സംസ്ഥാന സർക്കാർ നിർദേശച്ചിരുന്നെന്നും എന്നാൽ സംസ്ഥാന സർക്കാരിന്റെ ശിപാർശയാണ് വേണ്ടതെന്ന് കേന്ദ്ര സർക്കാർ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള ദേശീയ വന്യജീവി ബോർഡിന്റെ പരിഗണനയ്ക്ക് സംസ്ഥാന സർക്കാരിന്റെ തിരുത്തലോടെ ഈ വിഷയം കൊണ്ടുവരാൻ കഴിഞ്ഞ അഞ്ചിന് സംസ്ഥാന വന്യജീവി ബോർഡ് പ്രത്യേക യോഗം ചേർന്നിരുന്നതായി ജനപ്രതിനിധികൾ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ദേശീയ വന്യജീവി ബോർഡിന്റെ പരിഗണനയ്ക്ക് ഇന്നലെയും വിഷയം എത്തിയില്ല.
40 വർഷം വന്യമൃഗങ്ങളെപോലെ സങ്കേതത്തിനുള്ളിൽ കടുത്ത വന നിയമങ്ങൾ പാലിച്ച് കഴിയേണ്ടിവന്ന പന്തീരായിരത്തോളം ജനങ്ങളെ അവിടെനിന്നും ഒഴിവാക്കുന്നതിന് 2020 മുതൽ കിഫ നടത്തിവരുന്ന പോരാട്ടങ്ങൾ പാഴാക്കിയെന്നും ഒരു വില്ലേജിലെ പന്തീരായിരത്തോളം ജനങ്ങളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ച് ജനങ്ങളോട് നീതി പുലർത്തണമെന്നും കിഫ ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു. സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കണമെന്നുള്ള കിഫയുടെ ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണയിലാണ്.