‘കരാർ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കടകൾ അടച്ചു സമരം നടത്തും’
1460008
Wednesday, October 9, 2024 8:19 AM IST
മൂവാറ്റുപുഴ: കരാർ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കടകൾ അടച്ചു സമരം നടത്താൻ തയാറെടുക്കുകയാണ് മൂവാറ്റുപുഴയിലെ വ്യാപാരികൾ. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിയിറക്ക് തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കുന്നതിന് കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നിരുന്നു.
എന്നാൽ ചർച്ചയ്ക്കൊടുവിലെടുത്ത തീരുമാനം ചുമട്ടുതൊഴിലാളികൾ പാലിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കടകളടച്ച് സമരം നടത്താൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്. ചരക്കുമായി വരുന്ന വാഹനങ്ങളിൽനിന്നും കൂലി ഈടാക്കുന്നതിന് മുൻകാലങ്ങളിൽ എന്നതുപോലെ തങ്ങൾക്ക് വീണ്ടും അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസമായി നടത്തുന്ന സമരം മൂവാറ്റുപുഴയിൽ വിവിധ വ്യാപാര മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
അതേസമയം തൊഴിലാളികൾ ഇപ്പോൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു. ചർച്ചയിലൂടെ പരസ്പര ധാരണയിൽ ഒപ്പിട്ട കരാർ വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കടകന്പോളങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കുവാൻ തീരുമാനിച്ചതായും അജ്മൽ പറഞ്ഞു.