കൊല്ലം-എറണാകുളം പുതിയ മെമു സര്‍വീസിനെ ഏറ്റെടുത്ത് യാത്രക്കാര്‍
1459726
Tuesday, October 8, 2024 7:36 AM IST
കൊച്ചി: കൊല്ലം-എറണാകുളം പാതയില്‍ പുതുതായി ആരംഭിച്ച മെമു സര്‍വീസിന് മികച്ച പ്രതികരണം. നിറയെ യാത്രക്കാരുമായാണ് ഇന്നലെ എറണാകുളത്തേക്ക് മെമു നടത്തിയത്. നൂറുകണക്കിന് യാത്രക്കാര്‍ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി.
രാവിലെ 9.35ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ മെമുവിന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പ്ലാറ്റ്ഫോമിലും ട്രെയിനിലും യാത്രക്കാര്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു. എറണാകുളം ജംഗ്ഷന് റെയില്‍വേ മാനേജര്‍ വര്‍ഗീസ് സ്റ്റീഫന്റെ ഓഫീസിലെത്തി യാത്രക്കാര്‍ മധുരം നല്കി. എറണാകുളത്ത് നിന്നു 9.50നായിരുന്നു ട്രെയിന്റെ മടക്കയാത്ര.
മടക്കയാത്രയില്‍ ആള് കുറവായിരുന്നു. ഇതിനു കാരണം മടക്കയാത്രാ സമയക്രമീകരണമാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. പകരം ഈ സര്‍വീസ് ഉച്ചകഴിഞ്ഞ് ആക്കിയാല്‍ കൂടുതൽ യാത്രക്കാർ ഉണ്ടാകുമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ജെ. ലിയോണ്‍സ് അഭിപ്രായപ്പെട്ടു
ഉച്ചയ്ക്ക് 1.55നുള്ള പരശുറാമിനും വൈകിട്ട് 5.20നുള്ള വേണാടിനും ഇടയില്‍ എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് അധികം ട്രെയിനുകള്‍ ഇല്ല. കോവിഡിന് മുന്‍പ് ഒരു മെമു സര്‍വീസ് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് അത് നിര്‍ത്തി. പുതിയ മെമുവിന്റെ മടക്കയാത്ര പഴയ മെമുവിന്റെ സമയത്തിന് ക്രമീകരിക്കണമെന്നും കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 12 ആക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
രാവിലെ കോട്ടയം റൂട്ടിലെ യാത്രക്ലേശം പരിഹരിക്കണമെന്നുള്ള യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് മെമു വന്നതോടെ പരിഹാരമാകുന്നത്. രാവിലെയുള്ള പാലരുവി, വേണാട് ട്രെയിനുകളില്‍ കയറാന്‍പോലും പറ്റാത്തത്ര തിരക്കായിരുന്നു.
ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പോലുള്ള യാത്രക്കാരുടെ കൂട്ടായ്മകള്‍ കേരളത്തില്‍നിന്നുള്ള എംപിമാരും മന്ത്രിമാരും വഴി കേന്ദ്രത്തിനു നിരവധി തവണ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര റെയില്‍ മന്ത്രിക്കു മുമ്പാകെ വിഷയം എത്തിച്ചു പരിഹാരം ഉണ്ടാക്കുകയായിരുന്നു. വേണാടിന്റെ സ്റ്റോപ്പ് നോര്‍ത്തിലേക്ക് മാറ്റിയതില്‍ ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ യാത്ര അവസാനിക്കുന്ന പുതിയ മെമു സര്‍വീസ്.