കളമശേരി മെഡിക്കൽ കോളജിലെ ലഹരി വിമുക്ത കേന്ദ്രത്തിൽനിന്ന് വിദ്യാർഥിയെ കടത്തിയതായി പരാതി
1459718
Tuesday, October 8, 2024 7:27 AM IST
മൂവാറ്റുപുഴ : ലഹരി വിമുക്ത ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മയക്കുമരുന്ന് ഉപയോഗം പതിവാക്കിയതിനെ തുടർന്നാണ് വിദ്യാർഥിയെ കളമശേരി മെഡിക്കൽ കോളജിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
മൂവാറ്റുപുഴയിലെ ഒരു ജനപ്രതിനിധിയുടെ മകനാണ് വിദ്യാർഥി. പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയുടെ സുഹൃത്തുക്കൾ ഉൾപ്പെടുന്നവരാണ് ഇന്നലെ ഇയാളെ ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്നു കടത്തിക്കൊണ്ടു പോയത്. മൂവാറ്റുപുഴ നഗരം മയക്കുമരുന്ന് ഇടപാടുകാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കാഷ്മീരിൽ നിന്നു വരെ മൂവാറ്റുപുഴയിലേക്കു സമീപ പ്രദേശങ്ങളിലേക്കും മയക്കുമരുന്ന് എത്തുന്നതായി എക്സൈസ് ഇന്റലിജന്റ്സ് റിപ്പോർട്ട് ഉണ്ടായിരുന്നു.
പെരുമറ്റം കേന്ദ്രീകരിച്ച് രാസലഹരി നിർമാണം നടക്കുന്നതായി മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ രണ്ടു വർഷം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാർഥികളെയാണു ലഹരി സംഘം കൂടുതലായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മകൻ രാസലഹരി ഉപയോഗിക്കുന്നുവെന്നും രക്ഷിക്കണമെന്നും പിതാവ് എക്സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെതിരെ ലഹരി സംഘത്തിൽ നിന്ന് വധഭീഷണി ഉണ്ടായതോടെ കേസ് അന്വേഷണം നിർത്തിവച്ചു എന്നാണ് അറിയുന്നത്.
ഇതേ തുടർന്ന് നാട്ടുകാർ ലഹരി സംഘങ്ങളെയും ഇവ ഉപയോഗിക്കുന്ന വിദ്യാർഥികളെയും കായികമായി നേരിടുന്ന സാഹചര്യം വരെ ഉണ്ടായി. ഇതിനിടയിലാണു വിദ്യാർഥിയെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചതും ഇവിടെ നിന്നു കടത്തിക്കൊണ്ടു പോയതും.