നാസ സ്പേസ് ആപ് ചലഞ്ച് ഉദ്ഘാടനം
1459712
Tuesday, October 8, 2024 7:27 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും നാസയും ചേർന്ന് സംഘടിപ്പിച്ച നാസ സ്പേസ് നാസ സ്പേസ് ആപ്പ് ചലഞ്ച് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. രണ്ടു മുതൽ ആറുവരെ അംഗങ്ങളുള്ള ടീമുകൾ ഹാക്കത്തോണിൽ ഓണ്‍ലൈനായും ഓഫ് ലൈനായും പങ്കെടുത്തു.
സ്കൂൾ, കോളജ് വിദ്യാർഥികളേയും, താല്പര്യമുള്ള മറ്റ് ടീമുകളേയും പ്രായഭേദമന്യേ പങ്കാളികളാക്കിയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ഇതിനായുള്ള ബൂട്ട് ക്യാന്പുകൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ ഒരു മാസത്തോളമായി സംഘടിപ്പിച്ചിരുന്നു.
ഹാക്കത്തോണിൽ വിജയികളാകുന്ന ടീമുകൾക്ക് നാസ സന്ദർശിക്കാനുള്ള അവസരവും നിരവധി സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും നാസയുടെ സർട്ടിഫിക്കറ്റുകളും നൽകും. ഉന്നത പഠനത്തിനും ഉയർന്ന ജോലികൾക്കുമുള്ള അവസരങ്ങളും ഇതുകൂടാതെ ലഭ്യമാകും. ഹാക്കത്തോണിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിഎസ്എസ്സി സ്പേസ് എക്സിബിഷൻ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. കോളജ് ചെയർമാൻ രാജു കുര്യൻ, ഡയറക്ടർ ഡോ. കെ. ദിലീപ്, ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, പിആർഒ ഷാജി ആറ്റുപുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, അമൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.