നാമനിർദേശ പത്രിക തള്ളി ; പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരേ പോലീസ് അതിക്രമം
1459709
Tuesday, October 8, 2024 7:27 AM IST
കാലടി: ശ്രീശങ്കര കോളജിൽ കെഎസ്യു ചെയർമാൻ സ്ഥാനാർഥിയുടെ നോമിനേഷൻ അകാരണമായി തള്ളിയതിനെതുടർന്ന് പ്രിൻസിപ്പളിനെ ഉപരോധിച്ച കെഎസ്യു പ്രവർത്തകർക്ക് കാലടി സിഐയുടെ നേതൃത്വത്തിൽ ക്രൂര മർദനം നേരിട്ടു. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിനെതുടർന്ന് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
നാലിനായിരുന്നു നോമിനേഷൻ സൂക്ഷ്മ പരിശോധന. അന്നേ ദിവസം അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ നോമിനേഷൻ പത്രിക സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപ്പെടലിനെ തുടർന്നുണ്ടായ സമ്മർദത്തിൽ പ്രിൻസിപ്പൽ പത്രിക നിരസിക്കാൻ നിർബന്ധിതനായി. പ്രിൻസിപ്പിലിന്റെ അനുമതിയില്ലാതെ കാമ്പസിലെ പ്രിൻസിപ്പിളിന്റെ റൂമിൽ കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ച കാലടി സിഐയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേഷൻ ഉപരോധിച്ചത്.
വിദ്യാർഥികളെ വിട്ടയയ്ക്കണമെന്നും കോളജിലെ പ്രശ്നങ്ങളുടെ പേരിൽ പരാതിയില്ലെന്ന് പ്രിൻസിപ്പിലിന്റെ രേഖാമൂലമുള്ള കത്ത് പോലീസ് ഓഫീസർക്ക് നൽകിയിട്ടും കാലടി സ്റ്റേഷൻ പോലീസ് ഓഫീസറുടെ പിടിവാശിയാണ് വിദ്യാർഥികളെ വിട്ടയയ്ക്കാത്തതെന്നും നേതാക്കൾ പറഞ്ഞു. രാത്രി ഒൻപതോടെയാണ് വിദ്യാർഥികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.