മെമു കാലടിയിലേക്ക് നീട്ടണം : കാലടി റെയിൽവെ സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കണം
1459456
Monday, October 7, 2024 5:08 AM IST
കാലടി: എറണാകുളത്തേയ്ക്ക് തെക്കൻ കേരളത്തിൽ നിന്ന് വരുന്ന മെമു ട്രെയിനുകൾ കാലടിയിലേയ്ക്ക് നീട്ടിയാൽ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറക്കാൻ കഴിയുമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്ന് കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനും മെമു സർവീസ്കാലടിയിൽ നിന്ന് ആരംഭിക്കുന്നത് വഴി കഴിയുമെന്നും ഭാരവാഹികൾ പറഞ്ഞു.
264 കോടി രൂപ ചിലവഴിച്ചു നിർമിച്ച കാലടി റെയിൽവേ സ്റ്റേഷന്റെയും അങ്കമാലി - കാലടി റെയിൽവേ ലൈനിന്റെയും പ്രയോജനം ജനങ്ങൾക്ക് ലഭ്യമാവുമെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ കാലടി റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിക്കാത്തതിനാൽ സ്റ്റേഷൻ പരിസരം സെക്സ്, ലഹരി മാഫിയയുടെ പിടിയിലാണ്. സമീപത്തെ വീടുകളിൽ താമസിക്കുന്നവർ ഭീതിയിലാണ് കഴിയുന്നത്.
കാലടിയിൽ സംസ്കൃത യൂണിവേഴ്സിറ്റി പ്രവൃത്തിക്കുന്നതും ആദി ശങ്കരാചര്യരുടെ ജന്മ സ്ഥലമായതിനാൽ പ്രമുഖ ഹൈന്ദവ തീർഥാടന കേന്ദ്രവുമാണെന്നതും പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ കവാടമാണ് കാലടിയെന്നതും കാലടി റെയിൽവേ സ്റ്റേഷനിലേയ്ക്ക് ധാരാളം മെമു ട്രെയിൻ യാത്രക്കാരെ ലഭിക്കുന്നതിന് കാരണമാകും .
കേരളത്തിലെ അരി സംസ്കാരണ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് കാലടിയിലാണെന്നതിനാൽ കാലടി റെയിൽവേ സ്റ്റേഷൻ അടിയന്തിരമായി പ്രവർത്തനമാരംഭിക്കണമെന്നും ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എംഎൽഎ ബാബു പോൾ, ജിജോ പനച്ചിനാനി, സജി കുടിയിരിപ്പിൽ എന്നിവർ ആവശ്യപ്പെട്ടു.