വല്ലാര്‍പാടം പള്ളി മഹാജൂബിലി ആത്മീയ ആഘോഷങ്ങള്‍ക്ക് സമാപനം
1459455
Monday, October 7, 2024 5:08 AM IST
കൊച്ചി: വല്ലാര്‍പാടം ദേവാലയ സ്ഥാപനത്തിന്റെയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര പ്രതിഷ്ഠയുടെയും അഞ്ഞൂറാണ്ടുകള് പൂര്‍ത്തിയാകുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ആത്മീയ ചടങ്ങുകള്‍ക്ക് കൃതജ്ഞതാ ബലിയോടെ സമാപനം.
ശനിയാഴ്ച വൈകിട്ട് റോസറി പാര്‍ക്കിലെ അള്‍ത്താരയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളിത്തപ്പറമ്പില് മുഖ്യ കാര്‍മികനായിരുന്നു. അതിരൂപതാ സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവര്‍ സഹകാര്‍മികരുമായി. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.
മൂന്നുവര്‍ഷം നീണ്ട മഹാ ജൂബിലി ആഘോഷങ്ങള്‍ക്കാണ് ഇതോടെ പര്യവസാനമായത്. ഈ കാലയളവില്‍ വിവിധങ്ങളായ ചരിത്ര സെമിനാറുകള്‍, വിളംബര ജാഥ, വൈദിക സന്യസ്ത സംഗമം, യുവജന സംഗമങ്ങള്‍, മാരത്തോണ്‍, ജലഘോഷയാത്രകള്‍, തിരുസ്വരൂപ പ്രയാണങ്ങള്‍, സാംസ്കാരിക സമ്മേളനം, സമുദായ സൗഹാര്‍ദ സമ്മേളനം എന്നിവ സംഘടിപ്പിക്കുകയും വിവിധ ജൂബിലി സ്മാരകങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഡോ. ആന്റണി വാലുങ്കല്‍ രചിച്ച് യു.ടി. പോള്‍ സംഗീതം നല്കിയ "ഒരു കോടി നന്ദി ചൊല്ലിടുന്നെന്റെ അമ്മേ' എന്ന കൃതജ്ഞതാ ഗാനത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചത്. റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കൊറയ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി.