പൂണിത്തുറയിൽ സിപിഎമ്മിന്റെ 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി
1459453
Monday, October 7, 2024 5:08 AM IST
മരട്: വിഭാഗീയത രൂക്ഷമായ സിപിഎം പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്രാഞ്ച് സമ്മേളനങ്ങളിലൂടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. പാർട്ടി മാനദണ്ഡ പ്രകാരമാണ് മാറ്റിയതെന്നാണ് വിശദീകരണം.
17 ബ്രാഞ്ചുകളാണ് പൂണിത്തുറയിലുള്ളത്. ഇതിൽ പതിനാറിലും സമ്മേളനം കഴിഞ്ഞു. പഴയ കമ്മിറ്റിയിലെ എട്ട് ബ്രാഞ്ച് സെക്രട്ടറിമാർ വിഭാഗീയതയുടെ ഭാഗമായി ചുമതല ഒഴിയുന്നതായി കാണിച്ച് നേരത്തേ പാർട്ടിക്ക് കത്ത് നൽകിയിരുന്നതായി പറയുന്നു.
ഇതിൽ മൂന്നു പേർ പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി നിർദേശിക്കപ്പെട്ടു. ബാക്കിയുള്ളവർ പല കാര്യങ്ങളിലും പാർട്ടി വിരുദ്ധ നിലപാടെടുത്തിരുന്നവരാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇവരെ മാനദണ്ഡപ്രകാരം സെക്രട്ടറിമാരാക്കാൻ പറ്റില്ലെന്ന് നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇനി പുതുതായി ബ്രാഞ്ച് സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.
ഈ വിഷയത്തിൽ സാമ്പത്തിക ക്രമക്കേടുൾപ്പെടെ ആരോപണങ്ങൾ നേരിട്ട മുൻ ലോക്കൽ സെക്രട്ടറി ദിനേശനെ ചുമതലയിൽ നിന്നു മാറ്റിയിരുന്നു. എന്നാൽ ദിനേശൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്നും കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് സംഭവിച്ചതെന്നുമായിരുന്നു പാർട്ടി കണ്ടെത്തിയത്.
വൈറ്റില ലോക്കൽ സെക്രട്ടറി പി.ആർ. സത്യനായിരുന്നു പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ അധിക ചുമതല. ലോക്കൽ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ വീട് വിറ്റതിൽ മുൻ സെക്രട്ടറി ദിനേശൻ ബ്രോക്കർ ഫീസ് വാങ്ങിയതും മറ്റും യോഗത്തിൽ ചർച്ചയായിരുന്നു. ഔദ്യോഗിക പക്ഷം ദിനേശനെ അനുകൂലിച്ചു സംസാരിച്ചതാണ് സംഘർഷത്തിലേക്കു നീങ്ങാൻ കാരണമെന്നാണ് പ്രവർത്തകർ പറയുന്നത്.