ആലുവയിൽ കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് പോര്
1459448
Monday, October 7, 2024 5:08 AM IST
ആലുവ: ആലുവയിൽ കോൺഗ്ര സ് ബ്ലോക്ക് കമ്മിറ്റിയിലെ പുതിയ ഭാരവാഹികളുടെ സമ്പൂർണ പട്ടിക ജില്ലാ നേതൃത്വം പുറത്തുവിടാത്തതിനെതിരേ എ ഗ്രൂപ്പ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം. ഇതോടെ ഗ്രൂപ്പ് പോര് വീണ്ടും തലപൊക്കിയിരിക്കുകയാണ്. 60 അംഗ ജംബോ കമ്മിറ്റിയിൽ ഭൂരിഭാഗവും ഐ ഗ്രൂപ്പുകാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതിനാലാണ് മുഴുവൻ പേരുകളും പുറത്ത് വിടാത്തതെന്നുമാണ് ആക്ഷേപം.
നിലവിൽ ആരൊക്കെയാണ് ഭാരവാഹികളായി ഉൾപ്പെട്ടിട്ടുള്ളതെന്ന് ബ്ലോക്ക് - ഡിസിസി പ്രസിഡന്റുമാർക്ക് മാത്രമെ അറിയൂ. ബ്ലോക്ക് ഭാരവാഹികളായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നോമിനേറ്റ് ചെയ്ത ഔദ്യോഗിക കത്ത് ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് മുഖേന പലർക്കും നേരിട്ട് കൈമാറുന്ന പ്രവർത്തനമാണിപ്പോൾ പുരോഗമിക്കുന്നത്. പലരും നിയമന കത്ത് കൈയിൽ കിട്ടിയപ്പോഴാണ് പട്ടികയിലുണ്ടെന്ന് അറിയുന്നത്.
എ ഗ്രൂപ്പിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ആലുവ ബ്ലോക്ക് കമ്മിറ്റിയിൽ പ്രസിഡന്റ് ആയിരുന്ന തോപ്പിൽ അബു ഐ പക്ഷത്തേക്ക് മാറിയതോടെയാണ് ഗ്രൂപ്പ് സമവാക്യം മാറി മറിഞ്ഞത്. പിന്നീട് ബ്ലോക്ക് പ്രസിഡന്റായ പി.എ. മുജീബും എ ഗ്രൂപ്പിനെ കൈവിട്ടു.
ഈ അനുകൂല ഘടകങ്ങൾ ഉപയോഗിച്ച് സ്ഥലം എംഎൽഎ അൻവർ സാദത്തും ഡിസിസി പ്രസിഡന്റും ചേർന്ന് ഐ ഗ്രൂപ്പിന് കോൺഗ്രസ് പാർട്ടിയിൽ മൃഗീയ ഭൂരിപക്ഷമുണ്ടാക്കുകയാണെന്നാണ് ആരോപണം. പാർട്ടിയിലെ ധാരണകളെ അട്ടിമറിച്ച് തയാറാക്കിയ പട്ടിക മുഴുവനായി പുറത്ത് വന്ന ശേഷം ശക്തമായ പ്രതിഷേധം നേതൃത്വത്തെ അറിയിക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.