തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു
1459447
Monday, October 7, 2024 4:56 AM IST
കൂത്താട്ടുകുളം: കിഴകൊന്പ് കരിപ്പാൽ പാലത്തിന് സമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു. കൂത്താട്ടുകുളം ചെരുകുന്ന് മലയിൽ മത്തായിയുടെ മകൻ ജിൻസണ് മത്തായി (28) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 നായിരുന്നു സംഭവം. ജിൻസനൊപ്പം ഉണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ കൂത്താട്ടുകുളം ഫയർ ഫോഴ്സിൽ എത്തി സംഭവം ഉദ്യോഗസ്ഥരോട് പറയുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിൽ അബോധാവസ്ഥയിൽ കിടന്ന ജിൻസിനെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജിൻസണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
പാലത്തിനു മുകളിൽ നിന്നും ജിൻസണ് തോട്ടിലേക്ക് ചാടുന്നതിനിടെ പാലത്തിന്റെ കൈവരിക്ക് സമീപത്തുകൂടി കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പിൽ തലയിടിച്ച് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞത്.
മൃതദേഹം കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ലിസി. സഹോദരൻ: ജിൻസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കൂത്താട്ടുകുളം ടൗണ്‍ പള്ളിയിൽ.