ഫാക്ടറിയിലെ മിനി ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
1459441
Monday, October 7, 2024 4:56 AM IST
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് ഫാക്ടറിയിൽ മിനി ബോയ്ലർ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മൂന്നു പേർക്ക് പൊള്ളലേറ്റു. ഒഡീഷ സ്വദേശി ബിക്രം പ്രധാൻ (45) ആണ് മരിച്ചത്.
പൊള്ളലേറ്റവരെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷ കാണ്ഡമാൽ ജില്ലയിലെ ഗുഡയഗിരി ബ്ലോക്കിൽ സിർക്കി വില്ലേജിൽ നിന്നുള്ളവരാണ് നാലു പേരും.
ഗുരു (35) എന്നയാളെ 35 ശതമാനം പൊള്ളലേറ്റ നിലയിലും കൃഷ്ണ (20) എന്നയാളെ 25 ശതമാനം പൊള്ളലേറ്റ നിലയിലുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുപേരെയും മെഡിക്കൽ കോളജ് പൊള്ളൽ ചികിത്സാലയത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രണവ് (20) എന്നയാളെ പരിശോധനകൾ നടത്തി വിട്ടയച്ചതായി മെഡിക്കൽ കോളജ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനി യാഴ്ച രാത്രി 11.30ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊട്ടിത്തെറിയുണ്ടായ സ്ഥാപനത്തിന് മുന്നിൽ നാട്ടുകാർ ഇന്നലെ രാവിലെ പ്രതിഷേധിച്ചു. സ്ഥാപനം പ്രവർത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും പല സ്ഥാപനങ്ങൾക്കും ലൈസൻസ് ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസ് എന്നയാളുടേതാണ് സ്ഥാപനമെന്നാണ് വിവരം.
ഇതര സംസ്ഥാനക്കാർ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. രാത്രിയും പകലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ നാലുപേർ മാത്രമാണ് ജോലിയിൽ ഉണ്ടായിരുന്നത്.അപകടത്തിൽ മരിച്ച ബിക്രം പ്രഥാന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം എംബാം ചെയ്ത് വൈകുന്നേരം നാലരയോടെ വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും. ബിക്രം വിവാഹിതനാണ്.