"ലഹരി' അടങ്ങാതെ കൊച്ചി : പരിശോധനകള്‍ പോരെന്ന് ആക്ഷേപം
1459438
Monday, October 7, 2024 4:56 AM IST
കൊച്ചി: സ്പെഷല്‍ ഡ്രൈവ് അടക്കം വിവിധങ്ങളായ പരിശോധനകള്‍ നടത്തിയിട്ടും ലഹരി വില്പനയ്ക്കും ഉപയോഗത്തിനും ജില്ലയില്‍ കുറവില്ല. കൊച്ചി നഗരത്തിന് പുറമേ ഗ്രാമ പ്രദേശങ്ങളിലേക്കും വില്പനയടക്കം വ്യാപിച്ചിരിക്കുകയാണ്.
ലഹരി ഇടപാടുകാരുടെ പ്രധാന ഇടങ്ങളിലൊന്നായി ആലുവയും പെരുമ്പാവൂരും മാറിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് ഈ പ്രദേശങ്ങളിലെ ഇടപാടുകളേറെയും. വില്പന നിരോധിച്ച പാന്‍മസാല മുതല്‍ രാസലഹരികള്‍ വരെയാണ് വിദ്യാര്‍ഥികളിലടക്കം എത്തുന്നത്. ജില്ലയില്‍ ലഹരി ഇടപാടുകള്‍ വ്യാപകമാകുമ്പോഴും എക്സൈസിന്റെ പരിശോധനകളടക്കം കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.
ഓണത്തോടനുബന്ധിച്ചുള്ള സ്പെഷല്‍ ഡ്രൈവില്‍ ഉൾപ്പെടെ രണ്ടു മാസത്തിനിടെ ജില്ലയില്‍ ലഹരി വസ്തുക്കളുമായി പിടിയിലായത് സ്ത്രീകളടക്കം 75ഓളം പേരാണ്. ഇതില്‍ 29പേര് അന്തര്സംസ്ഥാനക്കാരാണ്.
പിടിയിലായവര്‍ പലരും കേരളം ലക്ഷ്യമാക്കി ലഹരിമരുന്ന് വില്്പന നടത്തുന്നവരാണ്.
ട്രെയിന്‍ മാര്‍ഗം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ലഹരി മരുന്നുകള്‍ എത്തിക്കുന്നത്. കൊച്ചിയിലെത്തിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്ക് ഇടനിലക്കാര്‍ വഴി എത്തിക്കുന്നതാണ് രീതി.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിടുന്ന സംഘത്തില്‍ സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് അപ്പുറത്തേക്ക് ഇതിന്റെ അന്വേഷണം എത്തിക്കാന്‍ പലപ്പോഴും അധികൃതര്‍ക്കാവുന്നുമില്ല.
ഉദ്യോഗസ്ഥ ക്ഷാമം വെല്ലുവിളി
ലഹരി സംഘങ്ങളെ പിടികൂടുന്നതില്‍ എക്സൈസ് അടക്കം വിവിധ തരത്തിലുളള വെല്ലുവിളികളാണ് നേരിടുന്നത്. ഉദ്യോഗസ്ഥ ക്ഷാമം, ജോലിഭാരം, പരിശോധന സൗകര്യങ്ങളുടെ അഭാവം, മാഫിയകളുടെ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമെല്ലാം ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധിയാണ്.