കാട്ടുപന്നി ആക്രമണം : സ്കൂട്ടര്‍ യാത്രികരായ യുവതിക്കും മകനും പരിക്കേറ്റു
1459241
Sunday, October 6, 2024 4:16 AM IST
അങ്കമാലി: മുന്നൂര്‍പ്പിള്ളിയില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രികരായ യുവതിക്കും മകനും ഗുരുതര പരിക്കേറ്റു. മാള കളപ്പുരയ്ക്കല്‍ ഷിബുവിന്റെ ഭാര്യ ജിനി(43), മകന് എബിന് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് മുരിങ്ങൂര്‍-ഏഴാറ്റുമുഖം റോഡിലായിരുന്നു സംഭവം. മരണവീട്ടില്‍ പോയി തിരികെ വരുകയായിരുന്ന ഇവരുടെ സ്കൂട്ടറിനു നേരെ രണ്ടു കാട്ടുപന്നികള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.
സ്കൂട്ടറില്‍നിന്നു തെറിച്ചുവീണ ശേഷവും ഇവരെ കാട്ടുപന്നികള്‍ ആക്രമിച്ചു. ജിനിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു. കരളിനും കാര്യമായി പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എബിന്റെ തോളെല്ല് ഒടിഞ്ഞു. തലയ്ക്കും പരിക്കുണ്ട്. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ ഇരുവരെയും ഉടൻ നാട്ടുകാർ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.