തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ്, ലീഗ് കൗൺസിലർമാർ തമ്മിൽ തർക്കം
1459000
Saturday, October 5, 2024 4:39 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭാ കൗൺസിലിൽ കോൺഗ്രസ്, മുസ്ലീം ലീഗ് അംഗങ്ങൾ തമ്മിൽ തർക്കം. ലീഗിലെ വനിതാ അംഗം സജീന അക്ബർ സ്ഥിരംസമിതി അംഗത്വം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൗൺസിലറുമായ റാഷിദ് ഉള്ളമ്പിള്ളി, സി.സി. വിജു, ഷാജി വാഴക്കാല, ഉണ്ണി കാക്കനാട് എന്നിവരും സജീനയുമായി തർക്കം തുടർന്നു.
തന്റെ വാർഡിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഷാജി വാഴക്കാലയുടെ വാർഡിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് ലീഗ് അംഗം സജീന രാജിക്കൊരുങ്ങിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായിട്ടാണ് മാറ്റി സ്ഥാപിക്കുന്നതെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് പറഞ്ഞു. 32 അജണ്ടകളുമായാണ് വെള്ളിയാഴ്ച രാവിലെ കൗൺസിൽ യോഗം ചേർന്നത്.
ഇതിനിടയിൽ സിപിഐ അംഗം എം.ജെ. ഡിക്സൺ ജാതീയ പരാമർശം നടത്തിയതും വിവാദമായി. അത്താണിയിലെ ശ്മശാനത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണെന്ന പരാമർശമാണ് വിവാദമായത്. കമ്യൂണിസ്റ്റുകാരനായ കൗൺസിലർ ജാതിയ പരാമർശം നടത്തിയത് ഉചിതമായില്ലെന്ന ആരോപണവും ഉയർന്നു. സോഷ്യൽ മീഡിയകളിൽ വിവാദ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.