മയക്കുമരുന്ന് കേസിൽ യുവാവിന് 10 വർഷം കഠിന തടവ്
1458783
Friday, October 4, 2024 3:59 AM IST
പറവൂർ: മയക്കുമരുന്ന് കൈവശം വച്ച കേസിലെ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. രണ്ടാംപ്രതി കൊടുങ്ങല്ലൂർ എറിയാട് പറൂപ്പനക്കൽ സൈനുൾ ആബിദ്(24) നെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2021 ഡിസംബറിലായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി കൊടുങ്ങല്ലൂർ പടാകുളം കളപ്പുരയ്ക്കൽ സുഭാഷിനോടൊപ്പം ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആലുവ എക്സൈസ് സിഐ കെ.ഡി. സതീശൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ പക്കൽനിന്നും മൂന്ന് കിലോ മെത്താഫിത്തമിൻ ഹൈഡ്രോക്ലോറൈഡ് എന്ന രാസലഹരി കണ്ടെടുത്തിരുന്നു. എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ബി. ടെനിമോനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ചികിത്സയിൽ കഴിയുന്ന സുഭാഷിനെ മാറ്റിനിർത്തിയാണ് സൈനുൾ ആബിദിന്റെ വിചാരണ പൂർത്തിയാക്കിയത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.