ദന്പതികൾ പരസ്പരം കാവൽ മാലാഖമാരാകണം: മാർ മഠത്തിക്കണ്ടത്തിൽ
1458569
Thursday, October 3, 2024 3:20 AM IST
മൂവാറ്റുപുഴ : സന്തോഷത്തിലും ദുഃഖത്തിലും താങ്ങും തണലുമായി പരസ്പരം കാവൽ മാലാഖമാരാകേണ്ടവരാണ് ദന്പതികളെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഓർമിപ്പിച്ചു. വിവാഹ ജീവിതത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയവരെ രൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദി, പിതൃവേദി, യൂദിത്ത് നവോമി സംഘടനകളുടെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയും മിശിഹായും തമ്മിലുള്ള ബന്ധത്തിന് സദൃശ്യമായ ഭാര്യ-ഭർതൃ ബന്ധം, വിവാഹദിനത്തിൽ ആരംഭിച്ച് ഇന്നും തുടരേണ്ട ബലിയർപ്പണമാണെന്നും ബിഷപ് പറഞ്ഞു.
വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ ജൂബിലേറിയൻമാർക്ക് ബിഷപ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ അധ്യക്ഷത വഹിച്ചു. ഡിഗോൾ കെ. ജോർജ്, മിനി ജോസ്, പ്രഫ. ജോസ് ഏബ്രഹാം, മിനി ജോണ്സണ്, ജിജി നിജി, റീന രാജീവ്, ലോറൻസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ആനി തെരേസ്, ജോർജുകുട്ടി അറയ്ക്കൽ, ജോളി കുന്പാട്ട്, കുസുമം ജോണ്‍, ലിസി ഷാജി, മേഴ്സി ജോസ്, റൂബി തോമസ്, ജോസ് കാക്കച്ചിറയിൽ, ജിജി പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.