ലഹരിക്കെതിരെ ‘തിരിനാള'മാകും അരിക്കുഴ സ്കൂളിലെ കൂട്ടുകാര്‍
1458556
Thursday, October 3, 2024 3:01 AM IST
രാജേഷ് രണ്ടാര്‍
കൊച്ചി: പ്രത്യാശയുള്ള ഭാവിയിലേക്കുള്ള നന്മനിറഞ്ഞ ചുവടുവയ്പാണു ജീവിതത്തിന്റെ ലഹരിയെന്നു, ജ്വലിച്ചുനിന്ന തിരിനാളങ്ങളെ സാക്ഷിയാക്കി അവര്‍ ഒരേ സ്വരത്തില്‍ ഏറ്റുപറഞ്ഞു. തിന്മകളുടെ അഴുക്കുചാലുകളിലേക്കു മാടിവിളിക്കുന്ന മറ്റെല്ലാ ലഹരികളെയും അകറ്റിനിര്‍ത്തുമെന്ന ദൃഢപ്രതിജ്ഞ കൂടിയാണ് ആ കുരുന്നുകള്‍ ഹൃദയങ്ങളില്‍ കുറിച്ചിട്ടത്.
മൂവാറ്റുപുഴ അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണ് 'ലഹരിക്കെതിരെ തിരിനാളം' എന്ന പദ്ധതിയിലൂടെ പുതിയ മുന്നേറ്റത്തിനു തുടക്കമിട്ടത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ലഹരി പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. വീടുകളിലും പരിസരങ്ങളിലും ആ മിടുക്കര്‍ ഇന്നു ലഹരിക്കെതിരേയുള്ള സന്ദേശവാഹകര്‍ കൂടിയാണ്.
സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ നാടിന്റെ നന്മകളായി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് സ്കൂളിലെ 'ലഹരിക്കെതിരെ തിരിനാളം' പദ്ധതിയും. പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്കി.
ലഹരി വിരുദ്ധ ദിനത്തില്‍ തിരിനാളങ്ങള്‍ തെളിച്ചായിരുന്നു ലഹരിക്കെതിരേയുള്ള സന്ദേശവാഹകരാകാനുള്ള നിയോഗം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. കുട്ടികള്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവരുടെ പരിസരത്തുള്ള വീടുകള്‍ സന്ദര്‍ശിക്കുകയും ലഹരി വിരുദ്ധസന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.
കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള സമ്പാദ്യശ്രീ പദ്ധതികള്‍, തലമുറകളുടെ സംഗമം, പ്രകൃതിയ്ക്കു തണല്‍ പദ്ധതി തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും 79 വര്‍ഷത്തെ പൈതൃകമുള്ള സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂളിന്റെ തിളക്കമേറ്റുന്നു.