ശുചിത്വത്തില്‍ കേരളത്തെ ഒന്നാമത് എത്തിക്കുക ലക്ഷ്യം: മന്ത്രി രാജീവ്
1458555
Thursday, October 3, 2024 3:01 AM IST
കൊച്ചി: ശുചിത്വ പരിപാലനത്തില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വ പരിപാലനത്തില്‍ കേരളത്തിനുതന്നെ മാതൃകയാണ് ഏലൂര്‍ നഗരസഭ.
പ്രതിമാസം അഞ്ചു മുതല്‍ ആറു ലക്ഷം രൂപവരെ ആക്രി സാധനങ്ങള്‍ വില്‍പ്പന നടത്തി നഗരസഭ സമ്പാദിക്കുന്നു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായി ലൈബ്രറി ആരംഭിക്കുന്നത് ഏലൂരിലാണ്. ശുചിത്വത്തിനൊപ്പം കളമശേരി എന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏലൂര്‍ മുനിസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച ഹരിതവീഥി മന്ത്രി നാടിന് സമര്‍പ്പിച്ചു. ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗ്രീന്‍ കാമ്പസായി ടി.എം. ജേക്കബ് മെമ്മോറിയല്‍ ഗവ. കോളജ് മണിമലക്കുന്നിനെ മന്ത്രി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ജനകീയ കാമ്പയിന്റെ ആറു മാസത്തെ കർമപദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് എ.ഡി. സുജിത് അധ്യക്ഷത വഹിച്ചു.