കൂത്താട്ടുകുളം നഗരഹൃദയത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു
1458233
Wednesday, October 2, 2024 4:16 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപത്ത് കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് ഫ്രൂട്ട്സ് ഫോറസ്റ്റ് എന്ന സങ്കൽപ്പത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഏകദേശം 20 സെന്റ് വരുന്ന സ്ഥലത്ത് അപൂർവയിനം ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്.
മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വർഷങ്ങളായി കാടുപിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലം ജെസിബിയുടെയും നഗരസഭ ശുചീകരണ തൊഴിലാളികളുടെയും സഹായത്തോടെയാണ് കൃഷിക്ക് അനുയോജ്യമാക്കിയത്.
പ്രദേശത്തെ യുവകർഷകനായ ഡയസ് പി. വർഗീസിന്റെ സഹായത്തോടെയാണ് പദ്ധതിക്ക് ആവശ്യമായ ഫലവൃക്ഷത്തൈകൾ ലഭ്യമാക്കിയിട്ടുള്ളത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിട്ടുള്ളതും അപൂർവ ഇനങ്ങളിൽപ്പെട്ടതുമായ തൈകളാണ് ഇവിടെ വച്ചുപിടിപ്പിക്കുന്നത്. തോട്ടത്തിന്റെ പരിപാലന ചുമതല കെഎസ്ആർടിസി ജീവനക്കാരും നഗരസഭയും ചേർന്ന് നിർവഹിക്കും. ഇന്ന് രാവിലെ 10ന് നഗരസഭാധ്യക്ഷ വിജയ ശിവൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
ഇതോടൊപ്പം തന്നെ വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ വഴിയോരങ്ങളിൽ പൂച്ചട്ടികൾ വച്ച് മനോഹരമാക്കും. പൊതുസ്ഥലങ്ങളിലെ പൂച്ചെടികളുടെ പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കുന്പോൾ കടകൾക്ക് മുൻപിലെ പൂച്ചട്ടികൾ വ്യാപാരികൾ സംരക്ഷിക്കും. പദ്ധതികൾ പൂർത്തിയാകുന്നതോടെ നഗരക്കാഴ്ചയ്ക്ക് പുതിയൊരു മുഖച്ഛായ കൈവരും.
നേരത്തേ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പണ്ടപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രീ സംഘടനയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിലെ മീഡിയനുകളിൽ പച്ചപുല്ല് പിടിപ്പിച്ച് മനോഹരമാക്കിയിരുന്നു. ഇക്കുറിയും ട്രീയുടെ സഹകരണം ലഭ്യമാകുമെന്നാണ് അറിയുന്നത്.