ആടി, പാടി തിമിർത്ത് വയോജനോത്സവം
1458221
Wednesday, October 2, 2024 4:07 AM IST
കളമശേരി: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വയോജന കൗൺസിൽ, ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജില്ലാ സാമൂഹ്യ സുരക്ഷ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വയോജനദിനാചരണം നടത്തി. കളമശേരി മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല വയോജനോത്സവം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
കേരള സമൂഹത്തിന്റെ പുരോഗതി വിലയിരുത്തുമ്പോൾ വയോജനങ്ങളുടെ സന്തോഷസൂചിക കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ജീവിതത്തിന്റെ യൗവ്വനം വീടിനും നാടിനും വേണ്ടി ചിലവഴിച്ച മുതിർന്ന പൗരന്മാർക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും എംപി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ വയോജന കൗൺസിൽ ചെയർമാനുമായ മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ദിനാചരണ സന്ദേശം നൽകി.
നഗരസഭ വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.എ. നിഷാദ്, കൗൺസിലർമാരായ ഷാജഹാൻ കടപ്പള്ളി, കെ.കെ. ശശി, സഹന സംബജി, കെ.യു. സിയാദ്, സലീം പുതുമന, റഫീഖ് മരക്കാർ, ബിന്ദു ഫ്രാൻസിസ്, റോസ് മേരി പിയൂസ്, സംഗീത രാജേഷ്, വയോജന കൗൺസിൽ അംഗങ്ങളായ അലി അക്ബർ, പി.വി. സുഭാഷ് , ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധി കെ.യു. നാസർ , ദിവ്യ രാമകൃഷ്ണൻ, എം.വി. സ്മിത എന്നിവർ സംസാരിച്ചു.
കളമശശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ സ്വാഗതവും, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറെ ആസ്വാദകരമായി.