ഗോതുരുത്ത് റോഡിന്റെ ഇരുവശത്തുമുള്ള സാധനങ്ങള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
1458210
Wednesday, October 2, 2024 3:49 AM IST
കൊച്ചി : ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
വീട്ടുകാരുടെ മതില് സംരക്ഷിക്കുന്നതിനാണ് റോഡിന്റെ വശങ്ങളില് മരം, ഇരുമ്പ് പോസ്റ്റ്, കോണ്‍ക്രീറ്റ് മതിലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പരാതി. ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വടക്കുംപുറം ഗോതുരുത്ത് പൊതുമരാമത്ത് റോഡിലും പഞ്ചായത്ത് റോഡിലും സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതെന്ന് പറയുന്നു. സാധനങ്ങള്‍ നീക്കാന്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചില സാധനങ്ങള്‍ നീക്കിയെങ്കിലും ബാക്കി സ്ഥലത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനായ ക്രിസ്റ്റി ഗോതുരുത്ത് കമ്മീഷനെ അറിയിച്ചു. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.