എംഎ കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യന് അന്തർദേശീയ അംഗീകാരം
1454605
Friday, September 20, 2024 3:49 AM IST
കോതമംഗലം: അമേരിക്ക സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ തുടർച്ചയായ മൂന്നാം തവണയും ഇടംനേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ. 2022, 2023 വർഷങ്ങളിലും മഞ്ജു ഇടംനേടിയിരുന്നു. 56712ൽ നിന്ന് 39595 എന്ന റാങ്ക് നില മെച്ചപ്പെടുത്തിയാണ് ഈ വർഷത്തെ നേട്ടം. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നേടിയത്.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും നേടിയ മഞ്ജു 2005ലാണ് മാർ അത്തനേഷ്യസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016ൽ അസോസിയേറ്റ് പ്രഫസറും, 2019ൽ പ്രഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് മഞ്ജു കുര്യൻ.
നാനോ മെറ്റീരിയൽസിന്റെ ഉത്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണ പഠനങ്ങളിലാണ് മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അഞ്ച് പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ വിവിധ അന്തർദേശീയ ജേർണലുകളിലായി 63 ഗവേഷണ പ്രബന്ധങ്ങളും, മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോലഞ്ചേരി കാഞ്ഞിരവേലിയിൽ റിട്ട. അധ്യാപക ദന്പതികളായ കെ.എം. കുര്യാച്ചൻ - വി.കെ. സൂസൻ എന്നിവരുടെ മകളും കോതമംഗലം എംഎ എൻജിനീയറിംഗ് കോളജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ജിസ് പോളിന്റെ ഭാര്യയുമാണ്.
അഞ്ജലി, അലീന എന്നിവർ മക്കളാണ്. അന്തർ ദേശീയ അംഗീകാരം ലഭിച്ച മഞ്ജു കുര്യനെ കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.