9.18 കോടി ചെലവില്‍ ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് പുതിയമുഖം
1454579
Friday, September 20, 2024 3:23 AM IST
കൊച്ചി: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി ആരോഗ്യമേഖലയില്‍ പൂര്‍ത്തിയായത് 9.18 കോടിയുടെ വികസന പദ്ധതികള്‍. വൈപ്പിന്‍, പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്, പിറവം നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തിയായ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഇന്ന് നിര്‍വഹിക്കും.
വൈപ്പിന്‍ മണ്ഡലത്തില്‍ നാല് പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. മാലിപ്പുത്ത് 67 ലക്ഷം രൂപ വിനിയോഗിച്ച് ജനകീയാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ 35 ലക്ഷം രൂപ ചെലവില്‍ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ 53.60 ലക്ഷം രൂപയുടെ പ്രളയ പുന:നിര്‍മാണ പ്രവര്‍ത്തനങ്ങളും പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ 15.50 ലക്ഷം രൂപയും വിനിയോഗിച്ചു.
പറവൂര്‍ നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളാണ് പൂര്‍ത്തിയായത്. വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി. എഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രവുമാക്കി.
ആലുവ നിയോജക മണ്ഡലത്തില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാഡേര്‍ഡ്സില്‍ 2.15 കോടി രൂപ ചെലവില്‍ ലേബര്‍ റൂമൂം, എമര്‍ജന്‍സി ഓപ്പറേഷന് തിയറ്റര്‍ എന്നിവ നിര്‍മിച്ചു. 55.50 ലക്ഷം വിനിയോഗിച്ചാണ് നെടുമ്പാശേരി മള്ളുശേരിയില്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. 37.5 ലക്ഷം രൂപ വിനിയോഗിച്ച് വേങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി. 15.5 ലക്ഷം രൂപ ചെലവഴിച്ച് അശമന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രവുമാക്കി ഉയര്‍ത്തി.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 77 ലക്ഷം രൂപ ചെലവഴിച്ച മൂന്ന് വികസന പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി, ഏഴ് ലക്ഷം രൂപ മുടക്കി വാഴക്കുളം ജനകീയാരോഗ്യ കേന്ദ്രം നവീകരിക്കുകയും ചെയ്തു.
പിറവത്ത് താലൂക്ക് ആശുപത്രിയില്‍ 2.35 കോടി രൂപ ചെലവഴിച്ച് ഒപി ബ്ലോക്ക് നിര്‍മിച്ചു. 37.5 ലക്ഷം രൂപ വിനിയോഗിച്ച് കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കുകയും ചെയ്തു.