ഡെങ്കിപ്പനിയിൽ അപൂർവ പ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കൽ കോളജ്
1454323
Thursday, September 19, 2024 3:52 AM IST
കോലഞ്ചേരി: ഡെങ്കിപ്പനിയിൽ അപൂർവമായ പ്രതിഭാസം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കൽ കോളജ്. രക്താർബുദം, മറ്റു പലതരം അർബുദങ്ങളിലും കാണാറുള്ളതും എന്നാൽ ഡെങ്കിപ്പനിയിൽ വളരെ അപൂർവമായി കാണാറുള്ളതുമായ പ്രതിഭാസമാണ് 20 വയസുള്ള രോഗിയിൽ കാണാനിടയായത്.
തക്ക സമയത്ത് രോഗത്തെ മനസിലാക്കാൻ സാധിച്ചതിനാൽ രോഗിയുടെ ജീവൻ രക്ഷിക്കാനായി. ഒരു ആഴ്ചയായുള്ള പനിയും പേശി വേദനയുമായിട്ടാണ് രോഗി ആശുപത്രിയിൽ പ്രവേശിച്ചത്. സാധാരണ ഗതിയിൽ ഒരാഴ്ച്ചയ്ക്കപ്പുറം ഡെങ്കിപ്പനിയിൽ പനി നീണ്ടുനിൽക്കാറില്ല.
എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും പനി കഠിനമായി തുടർന്നതിനാൽ മറ്റ് പരിശോധനകൾക്ക് വിധേയമാക്കുകയും പല അവയവങ്ങളേയും ഒരേ സമയത്ത് ബാധിക്കുന്ന അതികഠിനമായ നീർക്കെട്ട് രോഗിക്ക് ഉള്ളതായി കണ്ടെത്തുകയുമുണ്ടായി.
തുടർന്നുള്ള പരിശോധനകളിൽ നിന്നാണ് രോഗിയ്ക്ക് എച്ച്എൽഎച്ച് സിൻഡ്രോം ഹീമോഫാഗോസൈറ്റിക്ലിം ഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്എൽഎച്ച്) എന്ന അപൂർവതകളിൽ അപൂർവമായ ഡെങ്കിപ്പനിയുടെ ഒരു രോഗാവസ്ഥയാണ് സംശയിക്കപ്പെട്ടത്. തുടർന്ന് മജ്ജ ഉൾപ്പെടെയുള്ള മറ്റു പരിശോധനകൾക്ക് വിധേയമാക്കുകയും പ്രസ്തുത സങ്കീർണത എച്ച്എൽഎച്ച് സിൻഡ്രോം ആണെന്ന് സ്ഥീതികരിക്കുകയും ചെയ്തു.
100 ശതമാനം മരണം സംഭവിച്ചേക്കാവുന്ന രോഗാവസ്ഥ തക്കസമയത്ത് നിർണയിക്കപ്പെട്ട് ചികിത്സ ആരംഭിച്ചതിനാൽ രോഗി അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. രോഗാവസ്ഥയ്ക്ക് ആദ്യ പടിയായി കൊടുക്കുന്ന മരുന്ന് പ്രതികരിച്ചില്ലെങ്കിൽ അടുത്തതായി ഇമ്യൂണോഗ്ലോബുലിൻ എന്ന വിലയേറിയ മരുന്ന് കൊടുക്കുവാനായി തീരുമാനിച്ചിരുന്നു.
എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് രണ്ടര ലക്ഷത്തോളം വിലവരുന്ന ഈ മരുന്ന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വിലയേറിയ മരുന്നായ ഇമ്യൂണോഗ്ലോബുലിന്റെ ആവശ്യകത വരുന്ന പക്ഷം ആരോഗ്യ മന്ത്രി വീണാ ജോർജ് സർക്കാരിന്റെ സഹായം ഉറപ്പ് നൽകിയിരുന്നു.
ഈ മരുന്നും ആവശ്യമുള്ള മറ്റ് എല്ലാ സഹകരണവും മന്ത്രി ഇടപ്പെട്ട് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ സജീകരിക്കുകയുണ്ടായി. എന്നാൽ ആദ്യ പടിയായി കൊടുത്ത മരുന്നിനോടുതന്നെ രോഗി തൃപ്തികരമായി പ്രതികരിച്ചതിനാൽ ഇമ്യൂണോഗ്ലോമ്പൂലിന്റെ ആവശ്യം വന്നില്ല.
കോലഞ്ചേരി മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം പ്രഫസറും മേധാവിയുമായ ഡോക്ടർ ഏബ്രഹാം ഇട്ടിയച്ചന്റെ കീഴിലാണ് രോഗം നിർണയിക്കപ്പെടുകയും ചികിത്സിക്കുകയുമുണ്ടായത്.
ചികിത്സ സംഘത്തിൽ ശിൽപാ പോൾ, എൽദോസ് സ്ക്കറിയ, മിന്റു ജോൺ, അജു സജീവ്, സന്ദീപ് അലക്സ്, ജാസ്മിൻ ജവഹർ, എസ്. സുനീഷ്, ബിന്ദു മേരി ബോസ് എന്നിവർ പ്രധാന പങ്കുവഹിച്ചു. സോജൻ ഐപ്പ്, പ്രഫ. പി.എ.തോമസ്, ലാൽ ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.