ആലുവയ്ക്ക് ഹോമിയോ ഡിസ്പൻസറി അനുവദിച്ചു
1454298
Thursday, September 19, 2024 3:29 AM IST
ആലുവ: പ്രഖ്യാപിച്ചിട്ടും പലവട്ടം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹോമിയോ ഡിസ്പെൻസറി ആലുവ നഗരസഭയ്ക്ക് അവസാനം അനുവദിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്കിയതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
ആലുവ നിയോജക മണ്ഡലത്തിൽ ഹോമിയോ ഡിസ്പെൻസറി സേവനം ഇല്ലാത്ത ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന "ബഹുമതി'യാണ് ആലുവയ്ക്ക് ഉണ്ടായിരുന്നത്. രണ്ടുവട്ടം പുതിയതായി ഹോമിയോ ഡിസ്പെൻസറി അനുവദിക്കപ്പെട്ട പട്ടികയിൽ ആലുവ ഉൾപ്പെട്ടിരുന്നു. എന്നാൽ അജ്ഞാത കാരണങ്ങളാൽ ആലുവ നഗരസഭ പൂറത്താവുകയായിരുന്നു.
ആലുവ എംഎൽഎ അൻവർ സാദത്ത് 2015 മുതൽ ആലുവയ്ക്ക് ഹോമിയോ ആശുപത്രി വേണെമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തിന് ശേഷമാണ് സർക്കാർ ഈ ആവശ്യം പരിഗണിക്കുന്നത്.
ആലുവ നഗരസഭ മുറികൾ കണ്ടു വച്ചിട്ടുള്ളതിനാൽ ഡിസ്പെൻസറി ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.