നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് വ്യാപാരികള്‍
1454296
Thursday, September 19, 2024 3:29 AM IST
കൊച്ചി: അങ്കമാലി-നെട്ടൂര്‍ നിര്‍ദിഷ്ട ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന് വ്യാപാരികള്‍. ലോണ്‍ എടുത്തും കടം വാങ്ങിയും വ്യാപാരം ആരംഭിച്ചവര്‍ കടകള്‍ നഷ്ടപ്പെടുന്നതോടെ ഉപജീവനമാര്‍ഗം ഇല്ലാതാകുകയാണ്. ഇതു സംബന്ധിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന ഉടമകള്‍ നെട്ടൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കമ്മിറ്റിക്ക് രൂപം നല്കി.
കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമാകാത്ത രീതിയില്‍ അലൈന്മെന്റ് പുനര്‍നിര്‍മിക്കുക, നഷ്ടപ്പെടുന്ന വ്യാപാര സ്ഥാപന ഉടമകള്‍ക്ക് മരട് മാര്‍ക്കറ്റില്‍ ഷോപ്പിംഗ് കോംപ്ലക്സ് പണിത് അവിടേക്ക് പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും മരട് നഗരസഭ ചെയര്‍മാനും ജില്ല കളക്ടര്‍ക്കും നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു.