ആറു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
1454294
Thursday, September 19, 2024 3:18 AM IST
കിഴക്കമ്പലം: ആറു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കിഴക്കമ്പലം വിലങ്ങ് കാരുകുളം കൊല്ലംകുടി എൽദോസ് (21), ഒഡീഷ കന്ദമാൽ സ്വദേശി മൃത്യുഞ്ജയ് ഡിഗൽ(40) എന്നിവരെയാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
70 ഗ്രാം കഞ്ചാവുമായി എൽദോസിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ വീടിന് സമീപമുള്ള കലുങ്കിനടിയിൽ ആറ് കവറുകളിലായി സൂക്ഷിച്ച ആറ് കിലോയോളം കഞ്ചാവ് കണ്ടെത്തി. എൽദോസിന് കഞ്ചാവ് നൽകിയത് മൃത്യുഞ്ജയ് ഡിഗൽ ആണ്.
ഇയാൾ ഒഡീഷയിൽനിന്ന് തീവണ്ടി വഴിയാണ് കഞ്ചാവ് എത്തിച്ചത്. കിലോയ്ക്ക് 3,000 രൂപ നൽകി കൊണ്ടുവന്ന കഞ്ചാവ് 14,000 രൂപയ്ക്കാണ് എൽദോസിന് വിറ്റത്. എൽദോസ് ഇത് 30,000 രൂപ നിരക്കിൽ നാട്ടിൽ വില്പന നടത്തും.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് വില്പനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എഎസ്പി മോഹിത് റാവത്ത്, തടിയിട്ട പറമ്പ് സിഐ എ.എൽ. അഭിലാഷ്, എസ്ഐ എ.ബി. സതീഷ്, എഎസ്ഐമാരായ പി.എ. അബ്ദുൾ മനാഫ് തുടങ്ങിയവർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത്.