ലൈഫ് മിഷൻ പദ്ധതിക്കായി ചൂർണിക്കര പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി അളക്കുന്നു
1454285
Thursday, September 19, 2024 3:18 AM IST
ഗുണം ലഭിക്കുക 600 ഓളം കുടുംബങ്ങൾക്ക്
ആലുവ: ലൈഫ് മിഷൻ പദ്ധതിയിൽ ദരിദ്ര കുടുംബങ്ങൾക്ക് വീടൊരുക്കാനായി ചൂർണിക്കര പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി അളക്കുന്നു. 27 മുതലാണ് ഭൂമി അളക്കാനായി തീരുമാനിച്ചിരിക്കുന്നത്. 600 ഓളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ആദ്യഘട്ടത്തിൽ കമ്പനിപ്പടി മേഖലയയിൽ രണ്ട് സ്വകാര്യ ഗ്രൂപ്പുകൾ കൈവശം വച്ചിരിക്കുന്ന സ്ഥലമാണ് താലൂക്ക് സർവേയർ അളക്കുകയെന്ന് ആലുവ താലൂക്ക് ഭൂരേഖ തഹസിൽദാർ അറിയിച്ചു. ചൂർണിക്കര വില്ലേജിൽ ബ്ലോക്ക് 34ൽ സർവേ 176/1 ൽ വരുന്ന 16.80 ആർ, 176/3 ലെ 10.40 ആർ, 177/2 ലെ 7.30 ആർ എന്നിങ്ങനെ ഏതാണ്ട് 85 സെന്റോളം വരുന്ന സ്ഥലത്തെ പുറമ്പോക്കുകൾ വേർതിരിച്ചെടുത്ത് സ്കെച്ച് തയാറാക്കും. ഇതിൽ 176/1 ലെ 16.80 സ്ഥലം 2023 ഡിസംബർ 18 ന് സർവേ നടത്തിക്കഴിഞ്ഞതാണ്.
ചൂർണിക്കര പഞ്ചായത്ത് താത്പര്യം എടുക്കാത്തതിനാലാണ് തുടർ നടപടികൾ ഉണ്ടാകാതിരുന്നതെന്ന് ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി പറഞ്ഞു. സർവേ നടപടികളുടെ കത്തിന് മറുപടി നൽകിയതായി പഞ്ചായത്ത് അവകാശപ്പെട്ടെങ്കിലും താലൂക്ക് തഹസിൽദാർക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ രേഖ പ്രകാരം അറിയിപ്പ് ലഭിച്ചതായും നാരായണൻകുട്ടി ‘ദീപിക'യോട് പറഞ്ഞു.
ചൂർണിക്കര പഞ്ചായത്തിൽ പുറമ്പോക്ക് ഭൂമി നിരവധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നാലു വർഷമായി ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ സമര രംഗത്താണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ നിർദ്ദേശപ്രകാരം ഭൂമി അളക്കുന്നതിനുള്ള നടപടികൾ തഹസിൽദാർ പ്രഖ്യാപിച്ചത്.