യുവതിക്കു നേരേ ആസിഡ് ആക്രമണം: പ്രതി അറസ്റ്റിൽ
1454042
Wednesday, September 18, 2024 3:59 AM IST
മൂവാറ്റുപുഴ: യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്പതിന് രാത്രി 11നാണ് സംഭവം.
യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് 15ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്ഐമാരായ റോജി ജോർജ്, വി.സി. സജി, എസ്സിപിഒ ലിജേഷ്, സിപിഒ സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.