പുതുക്കിയ വാർഷിക കണക്ക്: കൗൺസിലിന്റെ അംഗീകാരം തേടണമെന്ന് പ്രതിപക്ഷം
1454024
Wednesday, September 18, 2024 3:48 AM IST
ആറ് മാസമായിട്ടും കണക്ക് അവതരിപ്പിക്കുന്നില്ല
ആലുവ: കൗൺസിലിന്റെ അനുമതി മേടിക്കാതെ ആലുവ നഗരസഭയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പുതുക്കിയ കണക്കുകൾ ഓഡിറ്റിംഗിന് സമർപ്പിക്കാൻ ശ്രമമെന്ന ആരോപണവുമായി പ്രതിപക്ഷം.
സാമ്പത്തിക വർഷം കഴിഞ്ഞാൽ രണ്ട് മാസത്തിനുള്ളിൽ പുതുക്കിയ വരവ് ചെലവ് കണക്ക് കൗൺസിലിൽ പാസാക്കിയിരിക്കണമെന്നും ആറു മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചിരിക്കണമെന്നുമുള്ള ചട്ടമാണ് അട്ടിമറിക്കപ്പെട്ടതെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചു.
പ്രതിമാസ കണക്കുകൾ കൃത്യമായി തയാറാക്കാത്തതാണ് കുത്തഴിഞ്ഞ നിലയിലേക്ക് നഗരസഭയുടെ പ്രവർത്തനത്തെ നാലാം വർഷവും എത്തിച്ചതെന്ന് കൗൺസിലർ എൻ. ശ്രീകാന്ത് പറഞ്ഞു.
നഗരസഭയുടെ പ്രധാന പദ്ധതികളുടെ വരവ് ചെലവ് കണക്ക് മറച്ചുവയ്ക്കാനുള്ള വിഫലമായ ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
രണ്ട് വർഷം മുമ്പ് ആരംഭിച്ച ശതാബ്ദി ആഘോഷം, മുനിസിപ്പൽ പാർക്ക്, മുനിസിപ്പൽ ഗ്രൗണ്ട് എന്നിവയുടെ പുനരുദ്ധാരണ പദ്ധതികൾ തുടങ്ങിയവയുടെ കണക്കുകൾ ഇതുവരെ പുറത്ത് വിടാത്തത് പ്രതിഷേധാർഹമാണെന്നും അടുത്ത കൗൺസിലിൽ കണക്കുകൾ അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.