കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ താഴ്ന്നു കിടക്കുന്ന കേബിളുകൾ വിനയാകുന്നു
1454015
Wednesday, September 18, 2024 3:30 AM IST
കരുമാലൂർ: കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ റോഡിൽ താഴ്ന്നു കിടക്കുന്ന കേബിളുകൾ മൂലം ജനങ്ങൾ ദുരിതത്തിലാകുന്നു.ഇന്നലെ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ കേബിളുകൾ ആംബുലൻസിൽ കുടുങ്ങി പൊട്ടിവീണതോടെ വാഹനങ്ങളിലെത്തിയ ഒട്ടേറെ രോഗികളും ജനങ്ങളുമാണു ബുദ്ധിമുട്ടിലായത്. പലർക്കും ആശുപത്രിയിലേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.
ഒരാഴ്ച മുന്നേ വലിയ വാഹനങ്ങൾ കടന്നു പോയപ്പോൾ വെളിയത്തുനാട് മേഖലയിലെ മദ്രസപ്പടി, കണിപടി, ചക്കാലംപറമ്പ് തുടങ്ങിയ ഭാഗത്തെ കേബിളുകൾ പൊട്ടി വീണിരുന്നു. ഇതോടെ രാത്രിസമയത്ത് ഇതുവഴി പോയബൈക്ക് യാത്രികർ അപകടത്തിൽപെട്ടിരുന്നു.
ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂർ കുണ്ടലി ഭാഗത്തായി റോഡിൽ കേബിളുകൾ താഴ്ന്നു കടക്കുന്നതായി പരാതിയുണ്ട്. പലയിടത്തും റോഡ് നിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെയാണു കേബിളുകൾ തൂങ്ങിക്കിടക്കുന്നത്. അതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പലപ്പോഴും കുടുങ്ങാറുണ്ട്.
അപരിചിതരായ വാഹനയാത്രികർ രാത്രി സമയത്തു പോകുമ്പോഴാണുതാഴ്ന്നു കിടക്കുന്ന കേബിളിൽ കുടുങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലുള്ളത്. അതിനാൽ എത്രയും വേഗം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.