ഭക്ഷ്യ സുരക്ഷ : പ്രത്യേക ആപ്പുമായി തൃക്കാക്കര നഗരസഭ
1454013
Wednesday, September 18, 2024 3:17 AM IST
കാക്കനാട്: ഭക്ഷ്യ സൂരക്ഷ ഉറപ്പാക്കാൻ തൃക്കാക്കര നഗരസഭ പ്രത്യേക ആപ്പിനു രൂപം നല്കി. ഇനി മുതൽ ഹോട്ടലുകൾ, ബേക്കറികൾ, ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങി മത്സ്യച്ചന്തകൾ വരെ ആപ്പിന്റെ പരിധിയിൽ വരും. ഭക്ഷ്യവസ്തുക്കളിൽ മായമോ, പായ്ക്കിംഗ് ഫുഡിൽ സുരക്ഷാ സംശയമോ തോന്നിയാൽ നഗരസഭയുടെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ( സിപിഎഫ് ) വഴി പരാതി നൽകാം.
ഈ മാസം അവസാനത്തോടെ ആപ്പിന്റെ പ്രവർത്തനമാരംഭിക്കും. നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നവർക്ക് ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്താം. ഹോട്ടലിന്റെ പേരും ഭക്ഷണത്തിന്റെ ഫോട്ടോയും ഉൾപ്പെടെ അപ്ലോഡ് ചെയ്യാനും സൗകര്യമുണ്ടാകും.
പരാതി പ്രകാരം സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളും ഇതേ സംവിധാനം വഴി പരാതിക്കാരെ അറിയിക്കാനും സൗകര്യമുണ്ട്. ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ബീറ്റ് രജിസ്റ്റർ വയ്ക്കും. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഈ രജിസ്റ്ററിൽ ഒപ്പു വയ്ക്കും. ബീറ്റ് രജിസ്റ്റർ പൊതുജനങ്ങൾക്കും പരിശോധിക്കാമന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.