യുവാവിന്റെ കൊലപാതകം: പ്രതി അറസ്റ്റില്‍
1454005
Wednesday, September 18, 2024 3:17 AM IST
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ പട്ടികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നു
കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചോടില്‍ യുവാവിനെ നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. യുവാവിനൊപ്പം കഴിഞ്ഞിരുന്ന കൊല്ലം മയ്യനാട് മുക്കം സ്വദേശി സമീറി(41)നെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടപ്പള്ളി കൂനംതൈ സ്വദേശി എന്‍.പി. പ്രവീണ്‍(45) ആണ് കൊല്ലപ്പെട്ടത്. തിരുവോണ ദിനത്തില്‍ പുലര്‍ച്ചെ മരോട്ടിച്ചോടില്‍ നടുറോഡില്‍ പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സമീറും മറ്റൊരു സുഹൃത്തായ എറണാകുളം സ്വദേശി കലേഷും ചേര്‍ന്ന് ഉത്രാടദിനത്തില്‍ രാത്രിയില്‍ പാലാരിവട്ടം ബിവ്റേജസില്‍ നിന്ന് മദ്യം വാങ്ങി ഇടപ്പള്ളിയിലെ ബാറിലെത്തുകയും ഇവിടെ വച്ച് പ്രവീണിനെ കണ്ടുമുട്ടുകയുമായിരുന്നു.
തുടര്‍ന്ന് പ്രവീണ്‍ താമസിക്കുന്ന മരോട്ടിച്ചോട് പാലത്തിനടിയിലെത്തി മദ്യപിച്ചു. അധികം വൈകാതെ കലേഷ് ഇവിടെനിന്ന് പോയി. തുടര്‍ന്ന് പ്രവീണും സമീറും മദ്യപാനം തുടരുകയും ഇതിനിടെ പ്രവീണ്‍ സമീറിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കാന്‍ ശ്രമിച്ചതോടെ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
ഇതോടെ സമീര്‍ പ്രവീണിനെ അസഭ്യം പറഞ്ഞു. ഇതുപിന്നീട് അടിയില്‍ കലാശിച്ചു. കൈയില്‍ കിട്ടിയ പട്ടിക ഉപയോഗിച്ച് സമീര്‍ പ്രവീണിന്റെ തലയ്ക്കടിച്ചു. ആക്രമണത്തിനുശേഷം സമീര്‍ സംഭവസ്ഥലത്ത് കിടന്നുറങ്ങി. എഴുന്നേറ്റപ്പോള്‍ പ്രവീണ്‍ മരിച്ചതായി കണ്ടതോടെ ഒളിവില്‍ പോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പല കാര്യങ്ങളും തനിക്ക് ഓർമയില്ലെന്നും സമീര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ഒളിവില്‍ പോകുന്നതിനായി സമീര്‍ മധുര ട്രെയിനില്‍ തൃപ്പൂണിത്തുറയിലെത്തുകയും ഇവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ എളമക്കര പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരുവരും വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ കടത്തിണ്ണകളില്‍ താമസിക്കുന്ന പ്രകൃതക്കാരാണെന്നും പോലീസ് പറഞ്ഞു.