വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം: ജില്ലയ്ക്ക് മുന്നേറ്റം
1454004
Wednesday, September 18, 2024 3:17 AM IST
വഴിയോര മാലിന്യ ശേഖരണം കാര്യക്ഷമമല്ല
കൊച്ചി: വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തില്‍ വൻ മുന്നേറ്റവുമായി ജില്ല. 2023 ഫെബ്രുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 30 മുതല്‍ 40 ശതമാനത്തിന്റെ വരെ വര്‍ധനയുണ്ടായതായാണ് രേഖകള്‍. അതേസമയം വഴിയോരങ്ങളിലെ മാലിന്യ നീക്കത്തില്‍ കാര്യമായ മുന്നേറ്റമില്ല എന്നും കണക്കുകള്‍ പറയുന്നു.
വീടുതോറുമുള്ള മാലിന്യ ശേഖരണം 2023 ഫെബ്രുവരിയില്‍ 52.02 ശതമാനമാണ്. 2024 മാര്‍ച്ചില്‍ അത് 88.25 ശതമാനമായാണ് ഉയര്‍ന്നത്. തെരുവുകളില്‍ വലിച്ചെറിയപ്പെട്ട മാലിന്യക്കൂമ്പാരം നീക്കം ചെയ്തത് 2023 ഫെബ്രുവരിയില്‍ 41.04 ശതമാനമായിരുന്നതെങ്കില്‍ 2024 മാര്‍ച്ചിലത് 48.59 ശതമാനത്തിലേക്ക് മാത്രമേ ഉയര്ത്താനായുള്ളു.
വീടുകളില്‍ നിന്നു മാലിന്യങ്ങള്‍ വേര്‍തിരിച്ച് കൃത്യമായി മാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ക്ക് കൈമാറുന്ന സംസ്കാരത്തിലേക്ക് എത്താനായതാണ് നേട്ടത്തിനു പിന്നിലെന്ന് ശുചിത്വമിഷന് അധികൃതര്‍ പറഞ്ഞു. ഹരിതമിത്രം ആപ്പിന്റെ സഹായവും മാലിന്യ ശേഖരണം കാര്യക്ഷമമാക്കാന്‍ ഉപകാരപ്പെട്ടു.
അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനത്തിലെ പാളിച്ചകളാണ് വഴിയോര മാലിന്യ നിര്‍മാർജനം കാര്യക്ഷമമാകാതെ പോകുന്നതെന്നാണ് ആക്ഷേപം. ജില്ലയില്‍ ആകെ 263 മിനി മെറ്റീരിയല്‍ ശേഖരണ കേന്ദ്രങ്ങള്‍ 2023-24 കാലയളവില്‍ നിര്മിക്കേണ്ടതായിരിക്കെ 35 എണ്ണം ഇനിയും ആരംഭിക്കാനായിട്ടില്ല.
125 എംസിഎഫുകളില്‍ 28 എണ്ണത്തിന്റെ പണികളും ബാക്കിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മതിയായ എംസിഎഫ് സ്ഥാപിച്ചാല്‍ മാത്രമേ തെരുവുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയൂ.
അതേസമയം മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ ആസൂത്രണ കൗണ്‍സില്‍ (ഡിപിസി) നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
എംസിഎഫ് സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട ആറ് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് അനുമതി നിഷേധിച്ചതാണ് ഇതിലാദ്യം. ആറ് തദ്ദേശസ്ഥാപനങ്ങളില്‍ അഞ്ചെണ്ണം ദിവസങ്ങള്‍ക്കുള്ളില്‍ എംസിഎഫ് സ്ഥാപിച്ച് പദ്ധതികള്‍ക്ക് അംഗീകാരം നേടിയപ്പോള്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന് താത്കാലിക എംസിഎഫ് പോലും സ്ഥാപിക്കാനായില്ല. ഭൂമിയുടെ അഭാവമാണ് എംസിഎഫ് സ്ഥാപിക്കാത്തതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ ശേഖരണവും സംസ്കരണവും സംബന്ധിച്ച പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭൂതല നിരീക്ഷണം ഉടന്‍ നിലവില്‍ വരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസും അറിയിച്ചു.