റാംബോ സര്‍ക്കസിന് തിരക്കേറുന്നു
1453881
Tuesday, September 17, 2024 11:40 AM IST
കൊച്ചി: കാഴ്ചക്കാരില്‍ അത്ഭുതവും ആശ്ചര്യവും നിറച്ച് സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ സ്കൈ വാക്കും ഏരിയല്‍ റോപ്പും അവതരിപ്പിച്ച് റാംബോ സര്‍ക്കസ്. ഓണത്തിന്റെ ആഹ്ലാദം റാംബോയില്‍ ജനത്തിരക്ക് സൃഷ്ടിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്കായി പ്രദര്‍ശന നഗരയില്‍ ഒരുക്കിയിരിക്കുന്നത് എല്‍ഇഡി ആക്ടും ലേസര്‍ മാനും റിംഗ് ഹെഡ് ബാലന്‍സും ബബിള്‍ ഷോയും.
കോമാളികളുടെ തമാശയും സര്‍ക്കസ് പ്രകടനങ്ങളും ഗോകുലത്തില്‍ ചിരിയുടെ കടല്‍ത്തിര ഉയര്‍ത്തുന്ന അതേ വേഗത്തിലാണ് സ്കേറ്റിംഗും ഹ്യൂമന്‍ സ്ലിങ്കിയും വാള് ആക്ടറ്റും ബൗണ്‍സ് ബോളഉം സൈക്ലിംഗ് ഡ്യുവോയും റോള ബോളും ക്വിക്ക് ചേഞ്ചും വേദിയെ കൈയിലെടുക്കുന്നത്.
എറണാകുളത്തെ കാഴ്ചക്കാരെ അത്ഭുതപ്പെടുത്താനാണ് റാംബോ സര്‍ക്കസ് രണ്ടാം വരവില്‍ ശ്രമിക്കുന്നത്. കുട്ടികള്‍ക്ക് കോമാളികളേയും സാഹസിക പ്രകടനങ്ങളും ഏറെ ഇഷ്ടമാകുമ്പോള്‍ മുതിര്‍ന്നവര്‍ തങ്ങളുടെ കുട്ടിക്കാലത്തേക്ക് കൂടിയാണ് സഞ്ചരിക്കുന്നത്. സര്‍ക്കസ് തമ്പില്‍ നിന്ന് സര്‍ക്കസ് വേദിയിലേക്കുള്ള മാറ്റം ആഹ്ലാദത്തോടെ സ്വീകരിക്കുകയാണ് ജനക്കൂട്ടം.
ഒന്നര മണിക്കൂര്‍ നീളുന്ന സര്‍ക്കസ് പ്രകടനം കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ സെപ്റ്റംബർ 17, 21, 22 തീയതികളിൽ രാവിലെ 11, 1.30, 4.30, 7.30 സമയങ്ങളിലും 18, 19, 20 തീയതികളില്‍ 1.30, 4.30, 7.30 സമയങ്ങളിലുമാണ് പ്രദര്‍ശനം. ടിക്കറ്റുകള്ന് ബുക്ക് മൈ ഷോ വഴിയും കണ്വെന്ഷന് സെന്ററിലെ കൗണ്ടറുകളിലൂടെയും ലഭിക്കും.