തിരുവോണനാളിൽ കൗണ്‍സിലർ നിരാഹാര നിൽപ്പ് സമരം നടത്തി
1453798
Tuesday, September 17, 2024 1:53 AM IST
കൂത്താട്ടുകുളം: തിരുവോണനാളിൽ കൂത്താട്ടുകുളത്തെ യുഡിഎഫ് കൗണ്‍സിലർ നിരാഹാര നിൽപ്പ് സമരം നടത്തി. കൂത്താട്ടുകുളം നഗരസഭ അധികൃതർ അഴിമതിക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് 12-ാം വാർഡംഗം ബോബൻ വർഗീസാണ് നഗരസഭ ടൗണ്‍ ഹാളിനു മുന്നിൽ നിരാഹാര നിൽപ്പ് സമരം നടത്തിയത്. കോണ്‍ഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് വിൽസണ്‍ കെ. ജോണ്‍ സമരം ഉദ്ഘാടനം ചെയ്തു.
തന്റെ വാർഡിലെ വഴിവിളക്കുകൾ നന്നാക്കുക, സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ആശുപത്രി കെട്ടിടം ലേലം ചെയ്തതിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍ അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്-എം ഉന്നത അധികാര സമിതി അംഗം ജോണി അരീക്കാട്ടേൽ, സിബി കൊട്ടാരം, ലിസി ജോസ്, ടി.എസ്. സാറ, കെ.എൻ. അനിയപ്പൻ, വിജയൻ കൊച്ച്, ജോളി മോൻ, അജു ചെറിയാൻ, ജോസ് പോൾ, ലളിത കൃഷ്ണൻകുട്ടി, വിശ്വനാഥൻ, മർക്കോസ് ഉലഹന്നാൻ, റെജി വർഗീസ്, ടി.എൻ. സുരേന്ദ്രൻ, അമൽ മോഹൻ, അനീഷ് ജോസഫ്, കെൻ കെ. മാത്യു, ജിൻസ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച നിരാഹാര നിൽപ്പ് സമരം വൈകുന്നേരം അഞ്ചിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് ഉപ്പുനീര് നൽകി അവസാനിപ്പിച്ചു.