ശ്രാദ്ധപ്പെരുന്നാൾ; ഛായാചിത്ര ഘോഷയാത്രയ്ക്ക് സ്വീകരണം
1453797
Tuesday, September 17, 2024 1:53 AM IST
കോതമംഗലം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ജനലക്ഷങ്ങളുടെ അഭയ കേന്ദ്രമായിമാറിയെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ. കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന വിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ 339-ാമത് ശ്രാദ്ധപെരുന്നാളിനോടനുബന്ധിച്ച് എറണാകുളം, എളംകുളം യാക്കോബായ സിംഹാസന പള്ളിയിൽനിന്നു ബാവയുടെ കബറിങ്കലേക്ക് നടത്തിയ പരിശുദ്ധ ബാവയുടെ ഛായാചിത്ര ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു എംഎൽഎ.
പെരുന്നാൾ 25ന് കൊടിയേറി ഒക്ടോബർ അഞ്ചിന് സമാപിക്കും. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം പൂത്തിയാക്കി കോതമംഗലത്ത് എത്തിയ ഛായാചിത്രഘോഷയാത്രയ്ക്ക് കോതമംഗലം പൗരാവലി സ്വീകരണം നൽകി. ആന്റണി ജോണ് എംഎൽഎ പൗരാവലിക്കു വേണ്ടി ഛായാചിത്രത്തിൽ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.
കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ട്രസ്റ്റിമാരായ ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തീർഥാടനത്തിന്റെ ദീപശിഖാ പ്രയാണം ഇന്ന് രാവിലെ 10ന് പള്ളിവാസലിൽ അള്ളാ കോവിലിൽ (മാർ ബസേലിയോസ് നഗർ) എ. രാജ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും.