തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം ബോണസ് വിതരണം ചെയ്തു
1453446
Sunday, September 15, 2024 3:58 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 40,83,000 രൂപ ഓണം ബോണസ് വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പരിധിയിലുള്ള 10 പഞ്ചായത്തിലെയും 2023-2024 വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കാണ് 1000 രൂപ വീതം ബോണസ് വിതരണം ചെയ്തത്.
ജനറല്‍ വിഭാഗത്തില്‍ 3155, ട്രൈബല്‍ മേഖലയില്‍ 420 , പട്ടികജാതി മേഖലയില്‍ 508 എന്നിങ്ങനെ 4083 കുടുംബങ്ങള്‍ക്കായി 40,83,000 രൂപയാണ് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നത്. ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച 1043 കുടുംബങ്ങള്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ നിന്നാണ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.
ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറബേല്‍, ആനിസ് ഫ്രാന്‍സിസ്, നിസമോള്‍ ഇസ്മായില്‍, ടി.കെ. കുഞ്ഞുമോന്, എസ്. അനുപം, എ. ആശ, കെ.ആര്. രാജേഷ്, ആല്‍ബി ജോര്‍ജ്, കെ.കെ. അമ്പിളി, ഫൗസി നാസര്‍, സിയ എം. അലി, പി.കെ. മായാമോള്‍ എന്നിവർ പ്രസംഗിച്ചു.