കുറിപ്പടി ഇല്ലാതെ മരുന്ന് വില്പന : മെഡിക്കല്‍ ഷോപ്പിനെതിരേ നടപടി തുടങ്ങി
1453430
Sunday, September 15, 2024 3:42 AM IST
കൊച്ചി: മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ അനധികൃത മരുന്ന് കച്ചവടം. രേഖകളില്ലാതെ മരുന്ന് വില്പന നടത്തിയ എറണാകുളം കടവന്ത്രയിലെ സ്പെക്ട്രം ഫാര്‍മ എന്ന സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടപടി ആരംഭിച്ചു. അനധികൃതമായി മരുന്ന് വിറ്റതിനെതിരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി. വൈകാതെ ലൈസന്‍സ് സ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അതിനിടെ അനധികൃതമായി മരുന്നുകള്‍ വാങ്ങിയ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡും ഡ്രഗ്സ് കണ്ട്രോള് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ജില്ലയില്‍ 13 മെഡിക്കല്‍ ഷോപ്പുകളാണ് സ്പെക്ട്രം ഫാര്മയ്ക്കുള്ളത്. ഇവിടങ്ങളിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറിപ്പടി ഇല്ലാതെ വിറ്റഴിച്ചത് 2,758 ഗുളികകള്‍
ഡോക്ടറുടെ കുറിപ്പില്ലാതെ ഇവിടെനിന്നും 2758 ട്രമഡോള്‍ എന്ന ഗുളികകളാണ് വിറ്റത്. ഇത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ലഹരി മരുന്നായി ദുരുപയോഗം ചെയ്യുന്ന ഒന്നാണ്. 2024 ജൂലൈ മുതല്‍ 20910 ഗുളികകളാണ് സ്പെക്ട്രം ഫാര്‍മയില്‍ വാങ്ങിയിട്ടുള്ളത്.
ഇതില്‍ 18535 ഗുളികകള്‍ വില്പന നടത്തിയിട്ടുണ്ട്. ഇതിനുപുറമേ ലഹരി വസ്തുവായി ഉപയോഗിക്കുന്ന സ്പാസ്മോണില് ടാബ്ലെറ്റും രേഖളില്ലാതെ വന്‍ തോതില്‍ വില്പന നടത്തിയതായി കണ്ടെത്തി. ഒസിബി സിഗരറ്റ് റോളിംഗ് പേപ്പറുകളുടെ വന്‍ ശേഖരവും പിടികൂടി.