ലൈസൻസ് സസ്പെൻഡ് ചെയ്ത കാലയളവിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
1453209
Saturday, September 14, 2024 3:27 AM IST
കോതമംഗലം: ലൈസൻസ് സസ്പെൻഡ് ചെയ്ത കാലയളവിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹനവകുപ്പ് പിടികൂടി. കുട്ടമ്പുഴയിൽ നിന്നും കോതമംഗലത്തേക്ക് സർവീസ് നടത്തിയ കെഎൽ 44 ഡി 0367 ഐഷാസ് ബസിലെ ഡ്രൈവറാണ് സാധുതയുള്ള ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ചത്.
മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്ത് 15,000 രൂപ പിഴ ചുമത്തി. സാധുതയുള്ള ലൈസൻസുള്ള മറ്റൊരു ഡ്രൈവറെ വച്ച് ട്രിപ്പ് മുടക്കാതെ വാഹനം വിട്ടു നൽകി . വാഹന ഉടമ സർവീസ് മുടങ്ങാതിരിക്കാൻ പകരം ഡ്രൈവറുമായി ഹാജരായതിനെ തുടർന്നാണ് വാഹനം വിട്ടുനൽകിയത്.
പരിശോധനയിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നതായി മനസിലായി. രണ്ടു മാസം മുമ്പ് കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ താലിപ്പാറയിൽ വച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിലാണ് ഡ്രൈവറായിരുന്ന അജിത്തിന്റെ ലൈസൻസ് ജൂലൈ മൂന്നു മുതൽ ആറുമാസത്തേക്ക് ഹെവി വാഹനങ്ങൾ ഓടിക്കുന്നത് വിലക്കി കോതമംഗലം ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തത്.
ഉത്തരവിനെതിരെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുൻപാകെ അപ്പീൽ നൽകാൻ പോലും ശ്രമിക്കാതെയാണ് സസ്പെൻഷൻ കാലാവധി കഴിയാതെ ഡ്രൈവർ ബസ് ഓടിച്ചത്. ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്ത കാലയളവിൽ വാഹനം ഓടിച്ച് വീണ്ടും അപകടത്തിൽ പെട്ടാൽ പരിക്കേറ്റവർക്ക് ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും ഒരു തരത്തിലും നഷ്ടപരിഹാരം കിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വരും ദിവസങ്ങളിലും സർവീസ് ബസുകളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം ജോയിന്റ് ആർടിഒ സലിം വിജയകുമാർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബെന്നി വർഗീസ്, പി. റെജിമോൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, എൽദോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.