ബീച്ച് ശുചീകരണ തൊഴിലാളി നിയമനം : കോർപറേഷനിൽ പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷം
1452675
Thursday, September 12, 2024 3:49 AM IST
കൊച്ചി: ബീച്ച് ശുചീകരണ തൊഴിലാളി നിയമനത്തില്‍ പിന്‍വാതില്‍ നിയമനമെന്ന് ആരോപിച്ച് കൊച്ചി കോർപറേഷൻ പ്രതിപക്ഷം. തൊഴിലാളികളെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചോ പിഎസ്സിയോ അറിയാതെയാണ് ഇത്തരം നിയമനങ്ങള്‍ കളക്ടര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.
ഫോര്‍ട്ട്കൊച്ചി കടപ്പുറം ശുചീകരണത്തിന്റെ ഭാഗമായി ഹെറിറ്റേജ് കമ്മിറ്റിയുടെ പത്തുപേരും ഡിടിപിസിയുടെ പത്ത് പേരുമാണ് ക്ലീനിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 60 വയസു കഴിഞ്ഞു എന്ന് പറഞ്ഞ് വിധവകളായ സ്ത്രീകളെ ഒഴിവാക്കി.
പകരം സൂപ്പര്‍വൈസ് ചെയ്യുന്ന തൊഴിലാളികളുടെ സ്വന്തക്കാരെ തിരികെ കയറ്റി. ജില്ലാ കളക്ടര്‍ ചെയര്‍മാനായി ഇരിക്കുന്ന ഹെറിറ്റേജ് കമ്മിറ്റിയില്‍ ആണ് ഇത്തരം വ്യാപകമായ പിന്‍വാതില്‍ നിയമനം നടത്തുന്നത്.
ബീച്ച് ക്ലീനിംഗ് തൊഴിലാളികളെ പാര്‍ട്ടിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനമെന്നും കുടുംബശ്രീ വനിതകള്‍ക്കായി ആരംഭിച്ച പദ്ധതി പിന്‍വാതില്‍ നിയമനം വഴി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.