ഗൂഗിള്‍പേ ചെയ്തു നല്‍കാമെന്ന് പറഞ്ഞ് വയോധികന്റെ പണം തട്ടി; 3 പേർ പിടിയില്‍
1452402
Wednesday, September 11, 2024 3:38 AM IST
കൊച്ചി: ഗൂഗിള്‍പേ ചെയ്തു നല്‍കാമെന്ന് പറഞ്ഞ് വയോധികന്റെ പക്കല്‍ നിന്ന് പണമായി 1000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. മലപ്പുറം കൂട്ടലങ്ങാടി കീരമുണ്ട് തെക്കേടത്ത് വീട്ടില്‍ ഫായിസ് (23), ആലുവ കീഴ്മാട് കാട്ടോളിപ്പറമ്പ് ഒമര്‍ മുക്തര്‍ (21), പോഞ്ഞാശേരി പുത്തന്‍പുരയ്ക്കല്‍ സാബിത്ത് (27) എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റു ചെയ്തത്. അമ്പലപ്പുഴ സ്വദേശിയായ മോഹനനെയാണ് (75) പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്.
ഇക്കഴിഞ്ഞ ഒമ്പതിന് രാത്രി എട്ടരയോടെ ഇടപ്പള്ളി കാര്‍ത്തിക ബാറിന് സമീപമാണ് സംഭവം. ബാറിന് സമീപത്തെ എടിഎം കൗണ്ടറില്‍ നിന്ന് 1500 രൂപ പിന്‍വലിച്ച പുറത്തിറങ്ങിയ മോഹനനോട് ബസില്‍ പോകുന്നതിന് പൈസയില്ലെന്നും 1000 രൂപ കാഷ് ആയി നല്കിയാല് ഗൂഗിള്‍പേ ചെയ്തു തരാമെന്നും പറഞ്ഞാണ് യുവാക്കള്‍ സമീപിച്ചത്.
മോഹനന് പോക്കറ്റില്‍ നിന്നും 1000 രൂപ എടുത്തു ഇവര്‍ക്ക് നല്കി. യുവാക്കളില്‍ ഒരാള്‍ ഗൂഗിള്‍ പേ ചെയ്യുന്നതായി കാണിച്ചെങ്കിലും മോഹനന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം വന്നതായി കണ്ടില്ല. ഇതിനിടെ മോഹനന്റെ ഗൂഗിള്‍പേ പാസ്വേര്ഡ് മനസിലാക്കിയ പ്രതികള്‍ ഫോണ്‍ വാങ്ങി പരിശോധിക്കുന്നതായി കാണിച്ച് 10000 രൂപ ഒമര്‍ മുക്തറിന്റെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് ട്രാന്സാക്ഷന് ഹിസ്റ്ററി കാണിച്ച് കബളിപ്പിക്കുകയായിരുന്നു.
ആയിരം രൂപക്ക് പകരം 10000 രൂപ അയച്ചതില്‍ സംശയം തോന്നിയ മോഹനന് വിശദമായി പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ മോഹനന് ഒന്നാം പ്രതിയായ ഫായിസിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി ബഹളം ഉണ്ടാക്കുകയും നാട്ടുകാര്‍ കൂടിച്ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ചെയ്തു.
മറ്റു രണ്ടു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എളമക്കര പോലീസ് സ്ഥലത്തെത്തി ഫായിസിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒമര്‍ മുക്തറിനെ ആലുവ റെയില്‍വേ സ്റ്റേഷന് ഭാഗത്തു നിന്നും സാബിത്തിനെ പോഞ്ഞാശേരിയില്‍ നിന്നും പിടികൂടി.
പിടിയിലായ ഫായിസും ഒമര്‍ മുക്തറം ആലുവ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ ശ്രമം കേസിലും പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പിടിച്ചുപറി കേസിലും പ്രതികളായി ഒന്നിച്ച് ജയിലില്‍ കഴിഞ്ഞിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ പലരില്‍ നിന്നായി ഇവര്‍ 1000 രൂപ വീതം വാങ്ങിയതായി സംശയമുണ്ട്.