ഇന്ത്യയിലെ വിചാരണ രീതിയില്‍ മാറ്റം വരണം: കേംബ്രിഡ്ജ് മേയര്‍
1452398
Wednesday, September 11, 2024 3:38 AM IST
കൊച്ചി: ക്രിമിനല്‍ ജുഡീഷല്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവരികയാണെന്നും രാജ്യത്തെ വിചാരണ സംവിധാനം അടിമുടി മാറേണ്ട സമയം അതിക്രമിച്ചെന്നും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം ആന്‍ഡ് മീഡിയ കണ്‍വെര്‍ജന്‍സ് എന്ന വിഷയത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരാളെ അറസ്റ്റ് ചെയ്തതു മുതല്‍ ട്രയല്‍ വരെ നടപടി സിസ്റ്റം മുഴുവന്‍ മാറണം. യുകെയില്‍ അറസ്റ്റ് ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ 96 മണിക്കൂര്‍ മാത്രമാണ് പോലീസിന് ഒരാളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കുവെന്നും ആറുമാസം അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കുന്നതാണ് അവിടുത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഒരു കുറ്റകൃത്യം ഉണ്ടായാല്‍ അതിന്റെ കേസ് തീരണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. ഇത് ക്രിമിനല്‍ ജുഡീഷല്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കും.
സമൂഹം മാറുന്നതിനനുസരിച്ച് നിയമങ്ങള്‍ മാറണം.
ഇവിടെ കോടതി മുറികളില്‍ പറയേണ്ടതെല്ലാം വിചാരണ പോലെ മാധ്യമങ്ങളിലൂടെ പറയുന്ന രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, അഡ്വ. എ. ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.