ഉയരപ്പാത നിർമാണം : കുരുക്കഴിയാതെ അരൂർ-തുറവൂർ മേഖല
1452395
Wednesday, September 11, 2024 3:38 AM IST
വിദ്യാർഥികൾക്ക് പരീക്ഷാ സമയത്ത് എത്താനാകുന്നില്ല
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തെ തുടർന്ന് അരൂർ- തുറവൂർ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങൾ മണിക്കൂറുകൾ വൈകി ഓടുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല. കാറും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഇതുവഴിയുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റവും മരണപ്പെട്ടവരും നിരവധിയാണ്. ആംബുലൻസിന് പോലും പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
പ്രധാനപാതയിൽ ഗതാഗതം തടസപ്പെട്ടാൽ ഉപറോഡുക ളിലും കുരുക്കാകും. പലപ്പോഴും അരൂർ-അരൂക്കുറ്റി റോഡിൽ അരൂക്കുറ്റി പാലം കഴിഞ്ഞും വാഹനങ്ങളുടെ നിര ദൃശ്യമാ കും. വിദ്യാർഥികൾക്ക് പരീ ക്ഷയ്ക്കു പോലും സമയത്തിനെത്താനാകാത്ത സ്ഥിതിയാണ്.
അരൂർ ക്ഷേത്രം കവല മുതൽ അരൂർ പള്ളി വരെയുള്ള ഭാഗത്ത് രൂപപ്പെട്ട വൻകുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. യാത്രാദുരിതം പരിഹരിക്കാനായി അരൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നിർമാണ കമ്പനി അധികൃതരുമായി കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അരൂർ പഞ്ചായത്ത് ഹാളിൽ ചർച്ച നടത്തി.
ഇനിയും ജനങ്ങളുടെ രൂക്ഷമായ യാത്രാ പ്രശ്നത്തിന് സത്വര പരിഹാരം കണ്ടില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. രാഖി ആന്റണിയും വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദും സി.കെ. പുഷ്പനും ഇബ്രാഹിംകുട്ടിയും അടക്കമുള്ള പഞ്ചായത്തംഗങ്ങൾ ഉയരപ്പാത നിർമാണ കമ്പനി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനി അധികൃതരുടെ അനാസ്ഥയ്ക്കും അനങ്ങാപ്പാറ നയത്തിനുമെതിരെ പഞ്ചായത്തംഗങ്ങൾ ഒന്നടങ്കം അപലപിച്ചു.
ഇന്നലെ അരൂരിൽ മറിഞ്ഞത് തടിലോറി
റാന്നിയിൽ നിന്ന് വിറകുമായി അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ആർബി കമ്പനിയിലേക്ക് മരക്കഷണങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് ഇന്നലെ മറിഞ്ഞത്. ദേശീയപാതയിൽ അരൂർ റസിഡൻസി ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. അരൂർക്ഷേത്രം കവലയിലും ചരക്ക് ലോറി കേടായി.
ഇതോടെ ഇന്നലെ ഇതുവഴി മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അരൂർ ബൈപ്പാസ് കവലയിലെത്താൻ നേരത്തെ അഞ്ച് മിനിറ്റ് മതിയായിരുന്നു. എന്നാൽ നിലവിൽ അര മണിക്കൂറിലേറെ സമയമെടുക്കും.