സിവില്‍ സ്റ്റേഷനിലെ പൊതുശൗചാലയവും പരിസരവും ശുചീകരിച്ച് ഒറ്റയാള്‍ സമരനായകൻ
1452141
Tuesday, September 10, 2024 4:00 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനിലെ പൊതുശൗചാലയവും പരിസരവും ശുചീകരിച്ച് ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയനായ എം.ജെ. ഷാജി. ദുര്‍ഗന്ധം വമിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായ ശൗചാലയവും പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കാതിരുന്നതോടെയാണ് ശുചീകരണത്തിനായി ഓട്ടോ ഷാജി എന്ന എം.ജെ. ഷാജി രംഗത്തുവന്നത്.
സിവില്‍ സ്റ്റേഷനിലെ പൊതുശൗചാലയം ശുചീകരിച്ച് പ്രതിഷേധിക്കുയെന്ന പ്ലക്കാര്‍ഡുമായാണ് ഷാജി ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ചൂല്, ബ്രഷ്, ലോഷന്‍, ഡെറ്റോള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഷാജി ശുചിമുറികള്‍ വൃത്തിയാക്കിയത്.
കാട് മൂടിയതും മാലിന്യനിക്ഷേപവും മൂലം പ്രദേശത്ത് അടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ശുചിമുറിയും പരിസരവും ശുചീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ശുചീകരണ തൊഴിലാളികള്‍ തിരിഞ്ഞ് നോക്കാറുപോലുമില്ലെന്നും എം.ജെ. ഷാജി പറഞ്ഞു. ഒറ്റയാള്‍ സമരത്തിലൂടെ ഇതിനുമുന്‍പും ശ്രദ്ധേയനായിട്ടുള്ളയാളാണ് ഷാജി.