മരട്-കുന്പളം അതിർത്തി തർക്കം വീണ്ടും : നിർമാണ പ്രവൃത്തികൾക്ക് പെർമിറ്റ് നല്കി നഗരസഭ, പരാതിയുമായി പഞ്ചായത്ത്
1452124
Tuesday, September 10, 2024 3:47 AM IST
മരട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മരട് നഗരസഭയും കുമ്പളം പഞ്ചായത്തും തമ്മിൽ ചൂടുപിടിച്ച് അതിർത്തി തർക്കം. തർക്കമുള്ള സ്ഥലത്ത് മരട് നഗരസഭ നിർമാണ പ്രവൃത്തികൾക്ക് പെർമിറ്റ് നൽകിയതാണ് വിഷയം വീണ്ടും ഉയരാനിടയാക്കിയത്. ഈ ഭാഗത്ത് നിർമാണ പ്രവൃത്തികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലിന് കത്ത് നൽകി.
തുടർന്ന് മരട് നഗരസഭ ചെയർമാൻ, കുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്, കുമ്പളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ. രാഹുൽ, നഗരസഭ കൗൺസിലർ അനീഷ് ഉണ്ണി, പഞ്ചായത്തംഗം അജിത്ത് വേലക്കടവിൽ, നഗരസഭ സെക്രട്ടറി നാസിം, മുനിസിപ്പൽ എൻജിനീയർ എം.കെ.ബിജു എന്നിവർ സംയുക്തമായി ഇവിടെ പരിശോധന നടത്തി.
മുന്പ് നഗരസഭയുടെ ബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് അതിർത്തി തർക്കം ഉടലെടുത്തത്. പഞ്ചായത്തിന്റെ 50 മീറ്റർ കൈയേറിയാണ് നഗരസഭ ബോർഡ് സ്ഥാപിച്ചതെന്നാണ് കുമ്പളം പഞ്ചായത്ത് ആരോപിച്ചിരുന്നത്. എന്നാൽ നഗരസഭ രേഖകളിലുള്ള പ്രദേശമാണ് ഇതെന്നും ആ പ്രദേശത്തെ സ്ഥാപനങ്ങളടക്കം നികുതിയടയ്ക്കുന്നത് മരട് നഗരസഭയിലാണെന്നും മറ്റുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് നഗരസഭയുടെ വാദം.
അതേ സമയം കുമ്പളം പഞ്ചായത്തിന്റെ നമ്പറുള്ള 11 കെട്ടിടങ്ങൾ പഞ്ചായത്തിൽ ടാക്സ് അടച്ചു കൊണ്ടിരിക്കുകയാണെന്നും ആ സ്ഥലത്ത് സാമസിക്കുന്നവർക്ക് വോട്ട് കുമ്പളം പഞ്ചായത്തിലാണെന്നും കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.
ഇവിടെ തെറ്റായിട്ടാണ് അതിർത്തി ബോർഡ് നഗരസഭ സ്ഥാപിച്ചത്. പുതിയ കെട്ടിടത്തിന് നഗരസഭ പെർമിറ്റ് നല്കി പണിയാരംഭിച്ചതിനെ തുടർന്നാണ് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം പരാതി നേരിൽ നല്കിയത്.
തുടർന്ന് കെട്ടിടം നിർമ്മാണം നിർത്തിവയ്ക്കാമെന്ന് ചെയർമാനും സെക്രട്ടറിയും എൻജിനീയറും സമ്മതിച്ചതാണെന്നും തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാപ്പിലും ഈ പ്രദേശം പഞ്ചായത്തിന്റെ അധീനതയിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സർക്കാർ ഇടപെട്ട് അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.