രക്തചന്ദനം കടത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 3 വര്‍ഷം കഠിനതടവും പിഴയും
1452120
Tuesday, September 10, 2024 3:33 AM IST
കൊച്ചി: കൊച്ചി തുറമുഖം വഴി രക്തചന്ദനം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്തചന്ദനം കടത്താന്‍ ശ്രമിച്ച തൃശൂര്‍ ദേശമംഗലം സുവൈഹാന് എക്സ്പോര്‍ട്ടിംഗ് ഉടമ യൂസഫിനെയാണ് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കസ്റ്റംസ് വകുപ്പിനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് പിഴശിക്ഷ വിധിച്ചത്.
യൂസഫ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കെതിരെ സിബിഐ 2012 നവംബര്‍ 30 ന് കേസെടുത്തിരുന്നു.ഷിപ്പിംഗ് ബില്ലില്‍ കയറ്റുമതി ചെയ്യുന്ന സാധനം കയര്‍പിത്ത് ബ്ലോക്കുകള്‍ എന്ന് കാണിച്ച് 77.50 ലക്ഷം രൂപ വിലമതിക്കുന്ന 7750 കിലോ രക്തചന്ദനം കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
കസ്റ്റംസിനെ കബളിപ്പിച്ച് ചരക്ക് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തിച്ചെങ്കിലും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രക്തചന്ദനം കണ്ടെത്തി. തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ യൂസഫടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോയി. അന്വേഷണം പൂര്‍ത്തിയാക്കി 2014 മാര്‍ച്ച് 10 കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് യൂസഫിനെ കഴിഞ്ഞവര്‍ഷം ജൂണ്‍ 21 ന് സിബിഐ പിടികൂടി. തുടര്‍ന്ന് വിചാരണണയ്ക്കു ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.